ആലപ്പുഴ: വേനലവധി തീരാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ ഒന്നുമുതല്‍ 10 വരെയുള്ള ക്‌ളാസുകളിലെ പാഠപുസ്തകങ്ങളില്‍ എഴുപത് ശതമാനവും സ്‌കൂളുകളിലെത്തി. 20നകം മുഴുവന്‍ പാഠപുസ്തകങ്ങളും സ്‌കൂളുകളിലെത്തുമെന്ന് കെബിപിഎസ് അധികൃതര്‍ പറയുന്നു.
എട്ട്, ഒമ്പത്, പത്ത് ക്‌ളാസുകളിലെ മുഴുവന്‍ പുസ്തകങ്ങളും സ്‌കൂളുകളില്‍ എത്തി. യുപി, എല്‍പി ക്‌ളാസുകളിലേക്കുള്ള പുസ്തകങ്ങളാണ് വിതരണംചെയ്യുന്നത്. വിതരണത്തിലെ കാലതാമസവും ആശയക്കുഴപ്പവും ഒഴിവാക്കാന്‍ വിപുലമായ സംവിധാനമാണ് കെബിപിഎസ് ഒരുക്കിയിട്ടുള്ളത്.
ഓരോ ജില്ലയ്‌ക്കും വിതരണത്തിനായി പ്രത്യേക ചുമതല നല്‍കി അവരുടെ ഫോണ്‍നമ്പറും കെബിപിഎസിന്റെ വെബ്‌സൈറ്റില്‍ നല്‍കി. ഹെല്‍പ്ലൈനില്‍ മറ്റ് മൂന്നു നമ്പറും നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവകുപ്പും അടുത്തവര്‍ഷം ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണമെടുത്ത് കെബിപിഎസിന് ഇന്റന്റ് നല്‍കിയിരുന്നു.
കെബിപിഎസില്‍നിന്ന് ജില്ലാ ഡിപ്പോയിലേക്കാണ് പുസ്തകങ്ങള്‍ എത്തിക്കുന്നത്. അവിടെ തരംതിരിച്ച് ക്‌ളസ്റ്റര്‍ സൊസൈറ്റിയിലേക്ക് എത്തിക്കും.
















