കോഴഞ്ചേരി: ആറന്മുളയുടെ പൈതൃകമായ ക്ഷേത്രവും പള്ളിയോടവും, ആറന്മുള കണ്ണാടി എന്നിവയോടൊപ്പം ആറന്മുളയില് നടക്കുന്ന ദേശീയ ചക്കമഹോത്സവവും ലോക ശ്രദ്ധ നേടുന്നു. ചക്കമഹോത്സവത്തില്‍ പരമ്പരാഗത വസ്ത്രനിര്‍മ്മാണം, മണ്‍പാത്ര നിര്‍മ്മാണം, ആറന്മുള കണ്ണാടി നിര്‍മ്മാണവും ജനശ്രദ്ധയാകര്‍ഷിക്കുന്നു.
ചര്‍ക്കയില്‍ നൂലാക്കി മാറ്റി തറിയില്‍ നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ വാങ്ങുവാനും, ഇതിന്റെ നിര്‍മ്മാണം കാണുവാനുമുള്ള അവസരം ആറന്മുള ശ്രീ ബാലാജി ഗാര്‍മെന്റ്സിന്റെ നേതൃത്വത്തില്‍ ആദ്യ ദിവസംമുതല്‍ കാണികള്‍ക്ക് കാണുവാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
ഇന്ന് വീടുകളില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന മണ്‍പാത്രങ്ങള്‍, ഇവയുടെ നിര്‍മ്മാണം വരും തലമുറയ്ക്ക് കാട്ടികൊടുക്കുകയെന്ന ലക്ഷ്യത്തോടെ മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന രീതി കല്ലിശ്ശേരി വല്യവീട്ടില്‍ താഴ്ചയില്‍ ചെല്ലമ്മതുളസി കാണിക്കുന്നു.
ലോകാത്ഭുതങ്ങളിലൊന്നായ ആറന്മുള ലോഹ കണ്ണാടിയുടെ നിര്‍മ്മാണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചെമ്പും വെളുത്തീയവും ചേര്‍ത്തുരുക്കി മൂശയിലൊഴിച്ച് പ്രത്യേക ലോഹമാക്കി അതിനെ കൈകൊണ്ട് പോളീഷ് ചെയ്ത് കണ്ണാടിയാക്കുന്നു. ഈ കണ്ണാടികള്‍ പിത്തള ഫ്രയിമുകള്‍ ഉറപ്പിച്ച് ആറന്മുള കണ്ണാടിയായി പ്രദര്‍ശിപ്പിക്കുന്നു. മുരുകന് ആറന്മുളയുടെ നേതൃത്വത്തില്‍ ആദ്യാവസാന പണികള്‍ ആകാംക്ഷയോടെയും അത്ഭുതത്തോടെയും മേളയിലെത്തുന്നവര്‍ നോക്കി കാണുന്നു. പഴയ പിത്തള പാത്രങ്ങള്‍ മേളയിലെ സ്റ്റാളില്‍ നല്കിയാല് പകരം ആറന്മുള കണ്ണാടി 7 ദിവസത്തിനുള്ളില്‍ സൗജന്യമായി നിര്‍മ്മിച്ചു നല്‍കും.
ഭാരതത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കണ്ടുവരുന്നതും കേരളത്തിലെ നാട്ടുവിഭാഗത്തില്പ്പെട്ട നിരവധി കന്നുകാലികളെ മേളയില്‍ കാണുവാനും അവയെകുറിച്ച് മനസ്സിലാക്കുവാനും അവസരമുണ്ട്. പ്രത്യുദ്പാദന ശേഷിയുള്ളതും ധാരാളം പാല് തരുന്നതുമായ വിവിധ തരത്തിലുള്ള പശുക്കളെയും കിടാങ്ങളെയും മേളയില്‍ കാണാന്‍ കഴിയും. പുല്ലാട് അജയകുമാരന്‍ വല്ലൂഴത്തില്‍ നടത്തുന്ന ഫാമിലെ കന്നുകാലികളെയാണ് മേളയിലെത്തുന്നവര്‍ക്ക് പരിചയപ്പെടുത്തുവാന്‍ എത്തിച്ചിരിക്കുന്നത്.
ജൈവകൃഷിയിലെ കപ്പ, ചേന, കാച്ചില് തുടങ്ങി പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു. അതോടൊപ്പം പുരാതന കാലത്ത് കൃഷികള്‍ക്കും വീടുകളിലും ഉപയോഗിച്ചിരുന്ന നിരവധി വസ്തുക്കള്‍ ഇവിടെയുണ്ട്. ഓലകള്‍ കൊണ്ടും, ഒട്ടലുകളും ഉപയോഗിച്ച് നിര്‍മ്മിച്ച കുട്ടകള്‍, മീന്‍ പിടിക്കാന്‍ പണ്ടുകാലത്തുപയോഗിച്ചിരുന്ന ഒറ്റാല്, ഓട്ടുപാത്രങ്ങള്‍, ഉപ്പുമാങ്ങാ ഭരണി, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയും മേളയില്‍ ഒരുക്കിയിട്ടുണ്ട്.
തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയിട്ടുള്ള ശരീര ആന്തര അവയവങ്ങളുടെ പ്രദര്‍ശനവും പരിചയപ്പെടുത്തലും മേളയുടെ പ്രത്യേകതയായി.
പ്ലാവിന്റെ വിവിധ വിഭാഗത്തില്‍പ്പെട്ട തൈകളും, മാവിന് തൈകളും, വില്പനയ്ക്കായി മേളയില്‍ തയ്യാറാക്കിയിട്ടുണ്ട്. അതോടൊപ്പം ജൈവ കീടനാശിനികള്‍, വേദന സംഹാരികള്‍, വിവിധയിനം വിത്തുകള്‍, സ്റ്റേഷനറി വിഭാഗം, ഇലക്ട്രിക്കല്‍ ഐറ്റങ്ങള്‍ തുടങ്ങിയവയും മേളയുടെ ഭാഗമാണ്.
ചക്കവിഭവങ്ങളായ ഉണ്ണിയപ്പം മുതല്‍ അച്ചാറുകളും, ഐസ്ക്രീമുകളും, ചക്കക്കുരുവില്‍ നിന്നുള്ള പുട്ടുപൊടിയുമടക്കം നൂറിലധികം ഉല്‍പ്പന്നങ്ങളും മേളയില്‍ കാണുവാനും വാങ്ങുവാനും സാധിക്കും. വിഭവ സമൃദ്ധവും, സ്വാദിഷ്ടവുമായ പതിനാറോളം ചക്കവിഭവങ്ങളടങ്ങിയ സദ്യയും മേളയിലെ ഫുഡ് കോര്‍ട്ടില്‍ നിന്നും ലഭിക്കും. ഇന്നലെ ജലസ്വരാജ് എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. വി. സുഭാഷ് ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ഒരു ഹെക്ടര്‍ വയലുണ്ടെങ്കില്‍ 4 ലക്ഷം ലിറ്റര്‍ വെള്ളത്തെ പിടിച്ചുനിര്‍ത്തുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഒരിഞ്ചുകനത്തില്‍ മണ്ണുണ്ടാകാന്‍ 1000 വര്‍ഷം വേണം. എന്നാല്‍ ഒരിഞ്ചു നഷ്ടപ്പെടുത്തുവാന്‍ നാല് വര്‍ഷം മതി. കേരളത്തിലെ ഒരു ഹെക്ടര്‍ പ്രദേശത്തെ 32 ടണ്ണിലധികം ഫലപുഷ്ടിയുള്ള മണ്ണ് പ്രതിവര്‍ഷം ഒലിച്ചുപോകുമ്പോള്‍ നമ്മള് കാഴ്ചക്കാരായി മാത്രം നില്‍ക്കുകയാണ്. കരയില്‍ മരങ്ങള്‍ കുറയുമ്പോള്‍ കടലില്‍ മഴ കൂടുന്നു. ഇതിനെകുറിച്ച് നാം പഠിക്കേണ്ടിയിരിക്കുന്നുവെന്നും . അദ്ദേഹം പറഞ്ഞു. 70 ന് ശേഷം ഗള്‍ഫില്‍നിന്നുള്ള പണത്തിന്റെ വരവ് മൂലം അന്യസംസ്ഥാനത്തുനിന്നുവരുന്ന ഭക്ഷണസാധനങ്ങള്‍ ഉപയോഗിച്ച് ഭക്ഷിക്കുകയും വിവാദങ്ങളുണ്ടാക്കുകയും യാന്ത്രികമായി ഓടുകയും മാത്രമാണ് നമ്മള് ചെയ്യുന്നതെന്ന് സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. വിജയകുമാര്‍ മണിപ്പുഴ അധ്യക്ഷത വഹിച്ചു. പമ്പാ പരിരക്ഷണസമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.സുകുമാരന്‍ നായര്‍, ഡോ. വര്‍ഗീസ് മാത്യു, രാജ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: