ഗണ്ഡചാര: ത്രിപുരയില്‍ മക്കളെ വില്‍ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായി മാറുന്നു. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട ആദിവാസി സ്ത്രീ 200 രൂപയ്ക്ക് മകനെ വിറ്റതാണ് പുതിയ സംഭവം.
ഏപ്രില്‍ 13നാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറുന്നത്. രണ്ട് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ത്രിപുരയിലെ ലക്ഷ്മിപൂരിലുള്ള ധന്ഷായി എന്ന ഓട്ടോഡ്രൈവര്‍ക്ക് വില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതേ കുറിച്ച് അറിവില്ലായിരുന്നെന്നും തന്റെ അനുവാദത്തോടെയല്ല കുട്ടിയെ വിറ്റതെന്നും കുട്ടിയുടെ അച്ഛന് പറയുന്നു. ഇപ്പോള്‍ കുട്ടി ത്രിപുരയിലെ മഖുംബി ഗ്രാമത്തിലാണുള്ളത്.
സംഭവത്തെ പറ്റി ഗ്രാമ മുഖ്യന് അറിഞ്ഞതോടെ കുട്ടിയെ തിരികെ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഓട്ടോ ഡ്രൈവറെ സമീപിച്ചെങ്കിലും അമ്മ ആവശ്യപ്പെട്ടാല്‍ കുഞ്ഞിനെ തിരികെ നല്കാന് തയാറാണെന്നാണ് ആയാള്‍ പറഞ്ഞത്. സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടിയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയാണ്.
സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കുഞ്ഞിനെ വിറ്റ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ധലായി ജില്ലയില്‍ ഒരു ആദിവാസി സ്ത്രീ 11 ദിവസം മാത്രം പ്രായമായ ആണ്‍കുഞ്ഞിനെ 5000 രൂപയ്ക്ക് വിറ്റിരുന്നു. ഭര്‍ത്താവിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് കുഞ്ഞിനെ വിറ്റതെന്നായിരുന്നു അമ്മയുടെ വിശദീകരണം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത്തരത്തിലുള്ള നാലോളം സംഭവങ്ങള്‍ ത്രിപുരയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: