മലപ്പുറം: കൃത്യമായ ആസൂത്രണമില്ലാതെ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ അധികൃതര്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ കുടിവെള്ളമില്ലാതെ വലഞ്ഞത് പാവം ജനങ്ങളാണ്. വരള്‍ച്ച കഠിനമായതുകൊണ്ട് തന്നെ കാലവര്‍ഷം തന്റെ രൗദ്രഭാവം മുഴുവന്‍ പുറത്തെടുക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച കാറ്റും മഴയും അതിന്റെ സൂചന നല്‍കുകയും ചെയ്തു.
കുറഞ്ഞ സമയം കൊണ്ട് കാറ്റും മഴയും കോടികളുടെ നാശം വിതച്ചു. വ്യാപകമായ രീതിയില്‍ കാര്‍ഷിക വിളകള്‍ നശിച്ചു. തുടക്കത്തില്‍ തന്നെ ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ എന്താകുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
243.51 ഹെക്ടറിലായി 11.18 കോടിയുടെ കൃഷിനാശമാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്. ഇതില്‍ 5.08 കോടിയാണ് സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ലഭിക്കുക. 30 കൃഷിഭവനുകള്‍ മാത്രമാണ് നാശനഷ്ടത്തോത് സംബന്ധിച്ച കണക്ക് സമര്‍പ്പിച്ചത്.
കൊണ്ടോട്ടി, നിലമ്പൂര്‍ താലൂക്കുകളിലാണ് നഷ്ടം കൂടുതലും. വരള്‍ച്ചയെ അതീജിവിക്കാന്‍ പമ്പിംഗിനും മറ്റുമായി വന്ന അധികച്ചെലവും അദ്ധ്വാനവും കാറ്റില്‍ തകര്‍ന്നടിഞ്ഞു.
മിക്ക കര്‍ഷകരും ബാങ്ക്, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുത്താണ് കൃഷിയിറക്കിയത്. വാഴക്കൃഷിക്കാരുടെ പ്രതീക്ഷകളാണ് വലിയ തോതില്‍ ഒടിഞ്ഞുതൂങ്ങിയത്. മൂപ്പെത്താറായ വാഴകളും വലിയതോതില്‍ നശിച്ചു. വിപണിയില്‍ വാഴപ്പഴത്തിന് മികച്ച വില ലഭിക്കുന്നതിനാല്‍ ഈ പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
കാലവര്‍ഷത്തിലും പ്രകൃതി ദുരന്തങ്ങളിലും കൃഷി നശിച്ച കര്‍ഷകര്‍ക്കുളള നഷ്ടപരിഹാര പദ്ധതി കുടിശ്ശിക രണ്ടുവര്‍ഷമായിട്ടും പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടില്ലെന്നതിനാല്‍ കര്‍ഷകരുടെ ഈ പ്രതീക്ഷയും നീളും.
നേരത്തെ ഒരു വാഴയ്ക്ക് അഞ്ച് രൂപയും 94 പൈസയുമാണ് ലഭിച്ചിരുന്നതെങ്കില്‍ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുലച്ച വാഴയ്ക്ക് 100 രൂപയും കുലയ്ക്കാത്ത വാഴയ്ക്ക് 75 രൂപയുമായി നഷ്ടപരിഹാരം ഉയര്‍ത്തിയിട്ടുണ്ട്. ഈ തുക ലഭിച്ചാല്‍ ലോണിന്റെ പലിശയെങ്കിലും അടച്ചുതീര്‍ക്കാനാവും.
ജില്ലയില്‍ കൃഷി നാശമുണ്ടായതില്‍ നല്ലൊരു പങ്കും വാഴക്കൃഷിയാണ്. 191 ഹെക്ടറിലായി 4.78 ലക്ഷം വാഴകളാണ് നശിച്ചത്. ഒമ്പത് കോടി രൂപയുടെ കൃഷിനാശമുണ്ടായി. ചീക്കോട്, വാഴക്കാട് പഞ്ചായത്തുകളിലായി ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് വാഴകര്‍ഷകര്‍ക്ക് നേരിടേണ്ടിവന്നത്. ചീക്കോട് പഞ്ചായത്തില്‍ മാത്രമായി ഒരു ലക്ഷത്തോളം കുലച്ച വാഴകള്‍ നശിച്ചതായി കൃഷി ഓഫിസര്‍ അറിയിച്ചു. ഒരു കോടി രൂപയുടെ നാശനഷ്ടമാണ് ഇവിടെ മാത്രം കണക്കാക്കുന്നത്.
വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കാണിച്ച ഉദാസീനത കാലവര്‍ഷത്തിന്റെ കാര്യത്തില്‍ ആവര്‍ത്തിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
ജനങ്ങളുടെ ആശങ്കയകറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: