ന്യൂദല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ. ശശികല കേസിലെ വിധി പുനപരിശോധിക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയില്‍.
കൂട്ടുപ്രതികളായ മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വളര്‍ത്തുമകന്‍ വി.എന്‍. സുധാകരന്‍, ശശികലയുടെ അന്തരിച്ച സഹോദരന്റെ ഭാര്യ ഇളവരശി എന്നിവരും ഇതേ ആവശ്യവുമായി ഹര്‍ജി നല്‍കി. കേസില്‍ ജയലളിതയും പ്രതിയായിരുന്നു. മരണത്തെത്തുടര്‍ന്ന് ജയയ്‌ക്കെതിരായ നടപടികള്‍ സുപ്രീംകോടതി അവസാനിപ്പിച്ചു.
നാലു വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ബെംഗളൂരുവില്‍ ജയിലിലാണ് ശശികല. ബെംഗളൂരുവിലെ വിചാരണക്കോടതിയാണ് ഇവരെ ശിക്ഷിച്ചത്. എന്നാല്‍, കര്‍ണാടക ഹൈക്കോടതി ശിക്ഷ റദ്ദാക്കി. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഫെബ്രുവരി 14നാണ് വിചാരണക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത്.
1991ല്‍ ജയലളിത ആദ്യം മുഖ്യമന്ത്രിയായ സമയത്താണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കേസ് വന്നത്. 2014ല്‍ വിചാരണക്കോടതി പ്രതികള്‍ക്ക് നാലു വര്‍ഷം തടവും 10 കോടി രൂപ പിഴയും വിധിച്ചു. ജയലളിതയ്‌ക്ക് നാലു വര്‍ഷം തടവും 100 കോടി രൂപയുമായിരുന്നു പിഴ.
















