ശ്രീനഗര്‍: അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ തീവ്രവാദികളെ പാടെ ഉൻമൂലനം ചെയ്യണമെന്ന ദൗത്യവുമായി ഇന്ത്യൻ പട്ടാളം സുരക്ഷയും പരിശോധനകളും ശക്തമാക്കി.
ബുധനാഴ്ച ഇന്ത്യൻ സൈന്യം ആരംഭിച്ച ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി ഷോപ്പിയാൻ ജില്ലയിലെ 20 ഗ്രാമങ്ങളാണ് സൈന്യം വളഞ്ഞ് പരിശോധിക്കുന്നത്. ദക്ഷിണ കശ്മീരിലെ കോർട്ട് കോംപ്ലക്സിൽ പോലീസ് ഉദ്യോഗസ്ഥരുടെ തോക്കുമായി ഭീകരർ കടന്നുകളഞ്ഞതോടെയാണ് സൈനിക സാന്നിധ്യം വർധിപ്പിച്ച് തിരച്ചിൽ ശക്തമാക്കിയത്.
ചൊവ്വാഴ്ച രാത്രി ഗാര്‍ഡ് റൂം ആക്രമിച്ച സംഘം അഞ്ച് തോക്കുകളുമായി കടന്നുകളയുകയായിരുന്നു. ഇതിനു പുറമെ ഭീകരർ കശ്മീരിലെ വിവിധ ബാങ്കുകളിൽ നിന്നുമായി ഏകദേശം 1 കോടിയിലധികം രൂപ കവർച്ച ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ. എടിഎം, ബാങ്ക് കവർച്ച എന്നിവ ഉൾപ്പെടെ 13 അക്രമ സംഭവങ്ങളാണ് ഭീകരർ നടത്തിയത്.
അതിർത്തി പ്രദേശങ്ങളിൽ നുഴഞ്ഞ് കയറാനായി 10ഉം, 12ഉം പേരടങ്ങുന്ന ഭീകര സംഘങ്ങൾ പാക് അധീന കശ്മീരിൽ തമ്പടിച്ചിട്ടുണ്ടെന്ന് ഇന്റലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചിരുന്നു.
















