കുട്ടനാട്: എസി റോഡില്‍ നെടുമുടി പാലത്തിനു സമീപം പ്രവര്‍ത്തിച്ചിരുന്ന ബീവറേജസ് ഔട്ട്ലെറ്റ് കോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ വലഞ്ഞ മദ്യപന്മാര്ക്ക് ഒടുവില്‍ ആശ്വാസമായി. കോണ്‍ഗ്രസ് വനിതാ പഞ്ചായത്തംഗം ജമീല മോഹന്‍ദാസിന്റെ നെടുമുടി മൂന്നാംവാര്‍ഡ് പടിഞ്ഞാറെ പൊങ്ങ പാലത്തിക്കാട് ക്ഷേത്ര ജംഗ്ഷന് സമീപമുളള കെട്ടിടവും പറമ്പുമാണ് ബീവറേജ് കോര്പ്പറേഷന് വാടകയ്ക്ക് നല്‍കിയത്. നേരത്തെ നെടുമുടി പാലത്തിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന ഔട്ട്ലെറ്റ് കൈനകരിയിലേക്ക് മാറ്റിയെങ്കിലും പഞ്ചായത്തിന്റെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചതറിഞ്ഞ് പ്രതിഷേധക്കാര്‍ എത്തിയെങ്കിലും പോലീസ് വിരട്ടിയോടിച്ചു. ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ വസതിക്കു സമീപം പ്രവര്‍ത്തന സജ്ജമായ ഔട്ട്ലെറ്റില് ആദ്യദിവസം തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സമരം ചെയ്യുന്നതിന് പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്കുള്ളതിനാല്‍ സിപിഎമ്മുകാര്‍ പ്രതിഷേധത്തിനെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: