കാക്കനാട്: നഗരസഭയുടെ അനാസ്ഥമൂലം കളമശേരിയിലെ പൊതുശ്മശാനം പ്രവര്‍ത്തന രഹിതമായതിനാല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഇടപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ട് പോകേണ്ട ഗതികേടിലാണെന്ന് പൊതുപ്രവര്‍ത്തകന്‍ ഷാജി ജോസ് നല്‍കിയ പരാതി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹന്‍ദാസ് ഫയലില്‍ സ്വീകരിച്ചു. നഗരസഭ സെക്രട്ടറിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു.
മെട്രോ റെയില്‍ യാഥാര്‍ഥ്യമാവുന്നതോടെ വ്യത്യസ്ത തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പട്ടിക വിഭാഗത്തിന് സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് അംബേദ്കര്‍ സാംസ്‌കാരിക സമിതി സെക്രട്ടറി ടി. എം. തങ്കപ്പന്‍ നല്‍കിയ പരാതിയില്‍ ഇന്നലെ നടന്ന സിറ്റിങില്‍ തെളിവെടുപ്പ് നടത്തി. നിലവിലുള്ള സംവരണ ശതമാനത്തേക്കാള്‍ കൂടുതല്‍ പേര്‍ ഈ വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ടാനി തോമസ് കമ്മീഷന് മുന്നില്‍ രേഖകള്‍ ഹാജരാക്കി.
കോതമംഗലം നങ്ങേലിപ്പടി റാഡോ ടയേഴ്‌സ് കമ്പനിക്കെതിരേ മലിനീകരണത്തിന് ആന്റി പൊലൂഷന്‍ മൂവ്‌മെന്റ് ചെയര്‍മാന്‍ ഇ.എസ്.അബ്ദുല്‍ഖാദര്‍ പരാതി നലകി. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമ പഞ്ചയത്ത് സെക്രട്ടറി എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കളക്ടറേറ്റില്‍ നടന്ന സിറ്റിങില്‍ സിറ്റിംഗില്‍ 108 പരാതികളാണ് പരിഗണിച്ചതില്‍ 28 പരാതികള്‍ തീര്‍പ്പാക്കി. ബാക്കി തുടര്‍നടപടികള്‍ക്ക് മാറ്റി.
















