പൂച്ചാക്കല്‍: കൗസല്യക്കും മക്കള്‍ക്കും ഇനി പേടിക്കാതെ അന്തിയുറങ്ങാം. ക്വാളിറ്റി ഫുഡ് പ്രോഡക്ട് ഇന്‍ഡസ്ട്രീസ് നടത്തുന്ന സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലില്‍ കഴിഞ്ഞിരുന്ന പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ കടേപറമ്പില്‍ കൗസല്യയ്‌ക്ക് വിഷു സമ്മാനമായി വീട് നിര്‍മ്മിച്ച് നല്‍കിയത്.
അഞ്ച് പെണ്ണും മൂന്ന് ആണും അടക്കം എട്ട് മക്കളാണ് കൗസല്യയ്‌ക്ക്. മറ്റ് മക്കള്‍ വിവാഹിതരായതോടെ രോഗബാധിതരായ കവിതയും, സതീശനും അമ്മയുടെ കൂടെയായി താമസം. ഭര്‍ത്താവ് കുഞ്ഞുണ്ണി കാന്‍സര്‍ ബാധിച്ച് മരിച്ചതോടെ കുടുംബഭാരം കൗസല്യയുടെ ചുമലിലായി. അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന ഇവരുടെ ദയനീയ സ്ഥിതി മനസിലാക്കിയതോടെ സ്ഥാപനം ഉടമ കെ.വി. ജോര്‍ജ് വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
വീടും ഭൂമിയുമില്ലാത്ത പത്ത് പേര്‍ക്ക് കിടപ്പാടം ഒരുക്കാന്‍ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും പരിചരിക്കാന്‍ ആളില്ലാത്തവര്‍ക്കായി വൃദ്ധസദനം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ജോര്‍ജ് പറഞ്ഞു. വീടിന്റെ താക്കോല്‍ദാനം 15ന് രാവിലെ പത്തിന് എ.എം. ആരിഫ് എംഎല്‍എ നിര്‍വഹിക്കും. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍മലാ ശെല്‍വരാജ് അദ്ധ്യക്ഷത വഹിക്കും.
















