കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. എന്നാല്‍ കേരളത്തിലെ ഇരുമുന്നണികളും വികസന വിഷയങ്ങളില്‍ നിന്നും അന്തര്‍ സംസ്ഥാന വിഷയങ്ങളിലേക്ക് ഒളിച്ചോടുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്‍ പറഞ്ഞു.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അര്‍ഹതപ്പെട്ട ഫണ്ട് വാങ്ങിയെടുക്കുന്നതിലും ലഭ്യമായ ഫണ്ട് ചെലവിടുന്നതിലും പൂര്‍ണ്ണമായും പരാജയപ്പെട്ട മുന്നണികള്‍ ജനങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
സ്ഥാനാര്‍ത്ഥി തര്‍ക്കത്തെ തുടര്‍ന്ന് ചേരിതിരിഞ്ഞ് നടത്തുന്ന അഴിമതി ആരോപണങ്ങള്‍ മുന്നണികളുടെ അടിത്തറ ഇളക്കിയിരിക്കുകയാണ്. വികസനത്തിനായി അനുവദിച്ചതും ചെലവിട്ടതുമായ തുകയെ സംബന്ധിക്കുന്ന ധവളപത്രമിറക്കണം. സത്യസന്ധമായ അന്വേഷണം നടന്നാല്‍ ഇടത് വലത് മുന്നണി നേതാക്കള്‍ പ്രതിക്കൂട്ടിലാകും.
പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന എണ്ണമറ്റ പദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം മുഖ്യധാര രാഷ്‌ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കണം. മോദി സര്‍ക്കാറിന്റെ വികസന മുന്നേറ്റത്തിന്റെ വന്‍ സാധ്യതകള്‍ കേരളത്തിനും ലഭിക്കാന്‍ ബിജെപിയെ അധികാരത്തിലേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















