തിരുവനന്തപുരം: ഭരണസിരാകേന്ദ്രം സ്ഥിതിചെയ്യുന്ന, ആരോഗ്യ-ദേവസ്വം മന്ത്രി വി.എസ്. ശിവകുമാറിന്റെ മണ്ഡലമായ തിരുവനന്തപുരം സെന്‍ട്രല്‍ യുഡിഎഫിനെ കൈയൊഴിയുന്നു. സംസ്ഥാനം മുഴുവന്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും തലസ്ഥാനനഗരിയിലെ ഫലത്തിന് ഏറെ പ്രധാന്യമുണ്ട്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന ഈ മണ്ഡലത്തില്‍നിന്ന് വിജയിക്കുന്ന കക്ഷിയാണ് സംസ്ഥാന ഭരണം കൈയാളുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും ഇത് ആവര്‍ത്തിച്ചു. യുഡിഎഫ് അധികാരത്തിലേറി. കോണ്‍ഗ്രസ് ആണെങ്കിലും എന്‍എസ്എസിന്റെ നോമിനിയായി വിജയിച്ച ശിവകുമാര്‍ ആരോഗ്യമന്ത്രിയുമായി. എന്നാല്‍ മന്ത്രിയുടെവകുപ്പ് പോലെ അനാരോഗ്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് ഇന്ന് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലം.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടായി കരുതുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ സാഹചര്യം യുഡിഎഫിന് ഒട്ടും തന്നെ അനുകൂലമല്ല.
കഴിഞ്ഞ ലോക്സഭ തെരഞ്ഞടുപ്പോ ടെയാണ് ഇവിടുത്തെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞത്. ഒന്നാമതെത്തി ബിജെപി സെന്‍ട്രല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചിത്രം മാറ്റി എഴുതുകയായിരുന്നു. ആകെയുള്ള 149 ബൂത്തുകളില്‍ 86 ബൂത്തുകളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ബിജെപി സ്ഥാനാര്‍ഥി ഒ. രജഗോപാല്‍ മുന്നിലെത്തി.
ബിജെപി 40,835 വോട്ടുകള്‍ കരസ്ഥമാക്കിയപ്പോള്‍ യുഡിഎഫിന് 39,027 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നു. എല്‍ഡിഎഫാകട്ടെ 27,385 വോട്ടുകളുമായി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. മണ്ഡലത്തിലെ വാര്‍ഡ് അടിസ്ഥാനത്തിലാണെങ്കില്‍ 18ഇടത്ത് ബിജെപി ഒന്നാംസ്ഥാനത്തും 12വാര്‍ഡുകളില്‍ രണ്ടാംസ്ഥാനത്തുമാണ്. തലസ്ഥാന മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുളള വിധിയെഴുത്ത് മന്ത്രിയുടെ രാഷ്ട്രീയ നിലനില്‍പ്പിന് തീര്‍പ്പുകല്‍പ്പിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
മന്ത്രിയുടെ അധികാരം വിനിയോഗിച്ച് ഒരുപാട് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താമായിരുന്നെങ്കിലും മണ്ഡലത്തിലുടനീളം തലങ്ങുംവിലങ്ങും വാഹനത്തില്‍ പാഞ്ഞതല്ലാതെ മണ്ഡലത്തിന്റെ ആര്യോഗ്യത്തെപ്പറ്റി മന്ത്രി ശ്രദ്ധ പതിപ്പിച്ചില്ല എന്നത് യാഥാര്‍ഥ്യം. 12 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ പ്രധാനപ്പെട്ടവയെ താലൂക്കാശുപത്രി ആക്കുമെന്നായിരുന്നു ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ ഉള്ള സൗകര്യങ്ങള്‍ കുറഞ്ഞതല്ലാതെ ആശുപത്രി വികസനം എങ്ങുമെത്തിയില്ല. അരുവിക്കരയില്‍ പൈപ്പ് പൊട്ടിയാല്‍ തലസ്ഥാനത്ത് കുടിവെള്ളം മുടങ്ങും. ശാശ്വതപരിഹാരം എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പ്രസംഗിച്ച് നടന്നത്. മന്ത്രി മന്ദിരം സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ പോലുംം കുടിവെള്ളം എത്തിക്കാനായില്ലെന്നത് സത്യം.
മുട്ടത്തറയില്‍ 135 ഏക്കര്‍ സ്ഥലമായിരുന്നു രാജകുടുംബം സ്വീവേജ് പ്ലാന്റിനായി വിട്ടുനല്‍കിയത്. തലസ്ഥാനത്തെ മുഴുവന്‍ ഡ്രയിനേജ് പ്രശ്നം പരിഹരിക്കാന്‍ പറ്റുംവിധം സ്വീവേജ് പ്ലാന്റ് സ്ഥാപിക്കാന്‍ സാധിക്കുമായിരുന്നു. 135 ഏക്കര്‍ സ്ഥലത്തെ 10 ഏക്കറാക്കാന് മന്ത്രിക്കു കഴിഞ്ഞു. ബാക്കി സ്ഥലമെല്ലാം മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കായി വിട്ടുനല്‍കുകയായിരുന്നു. കോടികള്‍ മുടക്കി സ്ഥാപിച്ച സ്വീവേജ് പ്ലാന്റ് പ്രവര്‍ത്തനക്ഷമമല്ലാതായതോടെ മലിനജലം മുഴുവന്‍ പാര്‍വതീ പുത്തനാറിലേക്ക് ഒഴുക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ തൈക്കാടിനെയും ഫോര്‍ട്ട് ആശുപത്രിയെയും നവീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരെ പോലും നിയമിക്കാന്‍ കഴിഞ്ഞ നാലരവര്‍ഷമായി സാധിച്ചിട്ടില്ല.
ഏറ്റവും ഒടുവില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് തിരുവനന്തപുരം നഗരത്തിന്റെ മെട്രോപദവി നഷ്ടമായത്. തലസ്ഥാനത്തിന് മെട്രോ പദവി നേടിയെടുക്കുന്നതിനായി ഒരു ഫയല്‍ ഫോലും നീക്കാന്‍ മന്ത്രി വി.എസ്. ശിവകുമാര്‍ തായ്യറായില്ല. സംസ്ഥാനത്ത് നടക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പല്ലെങ്കിലും മണ്ഡലത്തിലെ വികസന കാര്യങ്ങള്‍ സജീവ ചര്‍ച്ചയാണ്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മന്ത്രി രംഗത്തില്ലെന്നത് കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തതവരുത്തുന്നു.
നിലവിലെ തിരുവനന്തപുരം നഗരസഭാ കൗണ്‍സിലില്‍ ബിജെപിക്കുള്ള ആറ് കൗണ്‍സിലര്‍മാരില്‍ നാലുപേരും തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നാണ്. ഈ നാലു വാര്‍ഡുകളിലെ ബിജെപിയുടെ നിര്‍ണായക ശക്തി മണ്ഡലത്തിലുടനീളം നിഴലിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മന്ത്രിക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ കളംമാറ്റേണ്ടി വരുമെന്നാണ് യുഡിഎഫിനുള്ളിലെ അടക്കം പറച്ചില്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: