ഇടുക്കി: മറയൂര്‍ പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്കിയ സംഭവത്തില്‍ രണ്ട് എഐഎഡിഎംകെ നേതാക്കളടക്കം എട്ട് പേരെ മറയൂര്‍ എസ്ഐ ഹരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കാല് ലക്ഷം രൂപയും കമാന്റര്‍ ജീപ്പും വസ്ത്രങ്ങളും പിടിച്ചെടുത്തു.
ഇന്നലെ പുലര്‍ച്ചെ മറയൂര്‍ കരിമുട്ടിയില്‍ വച്ചാണ് നേതാക്കളായ എഐഎഡിഎംകെ സ്യൂട്ട് സ്വാമി ഇയാളുടെ ഭാര്യ മല്ലിക എന്നിവരെ പോലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ മറയൂര്‍ സ്വദേശികളായ ജയകുമാര്‍, ധര്‍മ്മരാജ്, ബാലഗുരു, കുമാര്‍, മുരുകേശന്, വേലായുധന് എന്നിവര്‍ക്ക് നാലായിരം രൂപ വീതം നല്‍കിയതായി വ്യക്തമാക്കിയത്. തുടര്‍ന്ന് ഇവരെ വീടുകളിലെത്തി പിടികൂടുകയായിരുന്നു. കാല് ലക്ഷത്തോളം രൂപ പിടിച്ചെടുത്തു.
ഇതിന് പുറമെ പതിനൊന്ന് സെറ്റര്‍, മൂന്ന് മുണ്ട്, ഏഴ് സാരി എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ രണ്ട് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇഷ്ടക്കാരെ വിജയിപ്പിക്കാന്‍ തമിഴ്നാട് ലോബി കോടിക്കണക്കിന് രൂപയാണ് മറയൂര്‍, കാന്തല്ലൂര്‍, ദേവികുളം, പീരുമേട് എന്നീ സ്ഥലങ്ങളില്‍ വിതരണം ചെയ്തത്. ഇത് സംബന്ധിച്ച് ജില്ല സ്പെഷ്യല്‍ ബ്രാഞ്ച് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് മറയൂര്‍ പോലീസ് ഒരു സംഘത്തെ പിടിച്ചത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: