കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ മണ്ഡലമാണ് പെരുമ്പാവൂര്‍. നഗരസഭക്ക് പുറമേ ഗ്രാമ പഞ്ചായത്തുകളായ വെങ്ങോല, അശമന്നൂര്‍, രായമംഗലം, കൂവപ്പടി, ഒക്കല്‍, വേങ്ങൂര്‍, മുടക്കുഴ എന്നവയും ഉള്‍പ്പെട്ടതാണ് മണ്ഡലം. കഴിഞ്ഞ തദ്ദേശതെരഞ്ഞടുപ്പില്‍ നഗരസഭയും ഭൂരിപക്ഷം പഞ്ചായത്തുകളും യുഡിഎഫ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല.
തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്കു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ത്തന്നെ യുഡിഎഫ് തോല്‍വി അറിഞ്ഞു. എല്‍.ഡി.എഫിലെ സിറ്റിങ് എം.എല്‍.എ ആയിരുന്ന സാജുപോള്‍ വീണ്ടും ജയിച്ചു കയറി. യാക്കോബായ വിഭാഗത്തിന് മേല്‍ക്കൈയുള്ള ചുരുക്കം മണ്ഡലങ്ങളിലൊന്നാണ് പെരുമ്പാവൂര്‍.
അതുകൊണ്ടു തന്നെ ഇരുമുന്നണികളും ഇക്കുറിയും പതിവുപോലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യാക്കോബായ വിഭാഗത്തിന് മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. നായര്‍- ഈഴവ വോട്ടുകളും ഇക്കുറി തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാകും. നഗരസഭയില്‍ 11 ശതമാനം മുസ്ലിം വോട്ടുണ്ട്്. എസ്.ഡി.പി.ഐക്ക് കാര്യമായ വേരോട്ടമുണ്ട്് ഇവിടെ. സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി അവര്‍ മത്സരരംഗത്തുണ്ട്്. സ്ഥാനാര്‍ത്ഥികളില്ലാത്തിടത്ത് എസ്.ഡി.പി.ഐ പിന്തുണക്കുന്നത് എല്‍.ഡി.എഫിനെയാണ്.
വിമത ശല്യവും എ-ഐ ഗ്രൂപ്പ് പോരും കോണ്‍ഗ്രസിന്റെ വീര്യം കെടുത്തുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി ഉയര്‍ന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇനിയുമായിട്ടില്ല. പി.പി. തങ്കച്ചന് യുഡിഎഫ് കണ്‍വീനറാണെങ്കിലും പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല എന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.
തങ്കച്ചന്റെ പേരില്‍ ഐ ഗ്രൂപ്പിലെ പുത്തന്‍കൂറ്റുകാരായ ചില പിള്ളേരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള തങ്ങളെ അവഗണിക്കുകയാണെന്നും കോണ്‍ഗ്രസിലെ പഴയ പടക്കുതിരകള്‍ പരാതിപ്പെടുന്നു. കണ്‍വീനര്‍ എന്ന നിലയില്‍ തിരക്കിലായതുകൊണ്ട് തനിക്ക് പ്രാദേശിക കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്കാന് സമയം ലഭിക്കുന്നില്ല എന്നാണ് തങ്കച്ചന്റെ മറുപടി. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാല്‍ ഇതൊക്കെ കുറേ കേട്ടിട്ടുണ്ടെന്നും ഇക്കുറി നഗരസഭയില്‍ ഭരണം നഷ്ടമാകുമ്പോള്‍ പഠിച്ചോളുമെന്നും മറുപക്ഷത്തിന്റെ മറുപടിയുമാകുമ്പോള് ചിത്രം വ്യക്തം.
എല്‍.ഡി.എഫിലും സ്ഥിതി വ്യത്യസ്തമല്ല. സിപിഐക്ക് കാര്യമായ വേരോട്ടമുള്ള ചില പ്രദേശങ്ങളുണ്ട് പെരുമ്പാവൂരില്‍. എന്നാല്‍ ഇവിടെ അവര്‍ക്ക് സീറ്റില്ല. ആ സീറ്റുകള്‍ സിപിഎം കയ്യടക്കി. താരതമ്യേന വിജയ സാധ്യത കുറഞ്ഞ സീറ്റുകളാണ് സിപിഐക്ക് നല്‍കിയിട്ടുള്ളത്. പടലപ്പിണക്കം രൂക്ഷമായതോടെ ഇരുപാര്‍ട്ടികളും ചില പഞ്ചായത്തുകളില്‍ വെവ്വേറെ പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്.
അശമന്നൂര്‍, വേങ്ങൂര്‍ പഞ്ചായത്തുകളാണ് ഇടതിന് ഏറ്റവും വേരോട്ടമുള്ളയിടങ്ങള്. പെരുമ്പാവൂര്‍ നഗരസഭ, വെങ്ങോല ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ സിപിഎം എസ്.ഡി.പി.ഐയുമായി രഹസ്യ സഖ്യത്തിലാണ്. ഇത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നല്ലൊരു വിഭാഗത്തെയും ചൊടിപ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതികളില്‍ ചിലര്‍ പെരുമ്പാവൂര്‍ സ്വദേശികളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും എസ്.ഡി.പി.ഐയുടെ പിന്തുണ ഇടതുമുന്നണിക്കായിരുന്നു.
ഗുരുതരമായ വികസന പ്രതിസന്ധി നേരിടടുന്ന പെരുമ്പാവൂരുകാര്‍ ഇക്കുറി വികസനത്തിന് വേണ്ടി വോട്ടുെയ്യമെന്ന പ്രതീക്ഷയിലാണ്് ബിജെപി. ഇരുമുന്നണികളും മാറിമാറി ഭരിച്ചെങ്കിലും പെരുമ്പാവൂര്‍ വികസനം മുരടിച്ച അവസ്ഥയിലാണ്. എം.സി റോഡിലെ പ്രധാന പട്ടണങ്ങളിലൊന്നാണെങ്കിലും പെരുമ്പാവൂരില്‍ അടിസ്ഥാനസൗകര്യവികസനം ഏറെ പിന്നിലാണ്.
ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പക്ഷേ ഇന്നും ഈ ആവശ്യം കടലാസിലൊതുങ്ങുന്നു. ഒരു കാലത്ത് കേരളത്തിലെ മരവ്യവസായത്തിന്റെ കേന്ദ്രമായിരുന്നു പെരുമ്പാവൂര്‍. എന്നാലിന്ന്് ആ നല്ല നാളുകള്‍ ഒരു ഓര്‍മ്മമാത്രം. ട്രാവന്‍കൂര്‍ റയോണ്‍സ് അടച്ചൂ പൂട്ടിയതോടെ മൂവായിരത്തിലേറെപ്പേരാണ് തൊഴില്‍രഹിതരായത്. അരക്ഷിതമായ ജീവിതത്തിലേക്ക് പറിച്ചുനടപ്പെട്ട ഇവരില്‍ പലരും ഇനിയും ജീവിതത്തിലേക്ക് തിരികെയെത്താന്‍ പെടാപ്പാടുപെടുകയാണ്. അര്‍ഹമായ നഷ്്ടപരിഹാരം പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും തങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന പ്ലൈവുഡ് വ്യവസായവും ഇപ്പോള്‍ അടച്ചൂപൂട്ടല്‍ ഭീഷണിയിലാണ്.
ഇന്നിപ്പോള്‍ പെരുമ്പാവൂര്‍ അറിയപ്പെടുന്നത് അന്യസംസ്ഥാന തൊഴിലാളികളുടെ പേരിലാണ്. സംസ്ഥാനത്ത് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ളത് പെരുമ്പാവൂരിലാണെന്നാണ് കണക്കുകള്‍. ഇവരില്‍ ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റുകളും ഉണ്ടെന്ന ആരോപണവുമുണ്ട്. തൊഴില്‍ തേടിയെത്തുന്ന ഇവരുടെ വ്യക്തമായ കണക്കുകളോ വിവരങ്ങളോ തദ്ദേശ സ്ഥാപനങ്ങളുടെ പക്കലില്ല. പെരുമ്പാവൂരില്‍ അധികാരത്തിലെത്തുന്ന ജനപ്രതിനിധികള്‍ക്ക് അഭിമുഖീകരിക്കേണ്ട വലിയ പ്രശ്നമായി വളര്‍ന്നു കഴിഞ്ഞിട്ടുണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിദ്ധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: