തൊടുപുഴ: വിമോചനയാത്രാ നായകന്‍ കുമ്മനം രാജശേഖരന്‍ തൊടുപുഴയിലെ പൗരപ്രമുഖരും സാമുദായിക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ച ആവേശകരമായി. എന്റെ നാട് എങ്ങിനെയായിരിക്കണമെന്ന വിഷയത്തിലുള്ള പൗരപ്രമുഖരുടെ അഭിപ്രായങ്ങള്‍ കുമ്മനം ആരാഞ്ഞപ്പോഴാണ് സദ്ദസ്സിനെ ഞെട്ടിച്ച് കാരിക്കോട് നൈനാര്‍ പള്ളി ഇമാം ജനാബ് കടയ്‌ക്കല്‍ അബ്ദുള്‍ റഷീദ് മൗലി പരിഭവങ്ങളുടെ കെട്ടഴിച്ചത്. ബിജെപിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടെന്നായിരുന്നു മൗലവി സംസാരിച്ചതിന്റെ കാതല്‍. മൗലവി പറഞ്ഞ് തീര്‍ത്തതിന് ശേഷം കുമ്മനം നടത്തിയ മറുപടി പ്രസംഗത്തില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്താണെന്ന് ഉദാഹരണ സഹിതം കുമ്മനം വ്യക്തമാക്കി.
രാജ്യത്ത് കലാപങ്ങളുണ്ടാക്കുന്നത് മതസംഘടനകളല്ലെന്നും രാഷ്‌ട്രീയക്കാരാണെന്നും കുമ്മനം പറഞ്ഞു. കേരളത്തില്‍ നടന്ന കലാപക്കേസുകളെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ രാഷ്‌ട്രീയക്കാരുടെ ഇടപെടല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കുമ്മനത്തിന്റെ മറുപടി പ്രസംഗത്തില്‍ തൃപതനായ മൗലവി കുമ്മനത്തെ ആശ്ലേഷിച്ചു.
തൊടുപുഴയിലെ പ്രമുഖ ഡോക്ടര്‍ സാജന്‍ ചാഴിക്കാടന്‍ അധ്യക്ഷത വഹിച്ചു. ചുങ്കം പള്ളി വികാരി ജോര്‍ജ്ജ് പുതുപ്പറമ്പില്‍ ഉള്‍പ്പെടെ നൂറില്‍പ്പരം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
















