ആലപ്പുഴ: കാരുണ്യകേന്ദ്രത്തിലെ കുരുന്നുകള്‍ക്ക് ആശ്വാസം പകര്‍ന്നാണ് കുമ്മനം രാജശേഖരന്‍ ഇന്നലെ ആലപ്പുഴ ജില്ലയിലെ വിമോചനയാത്രയ്‌ക്ക് തുടക്കം കുറിച്ചത്. 40 ഓളം കുരുന്നുകള്‍ക്ക് ആശ്രയമാകുന്ന അരൂക്കുറ്റി ദിശാ കാരുണ്യകേന്ദ്രത്തിലെ കുരുന്നുകളുടെ പുഞ്ചിരിയും സ്‌നേഹവും വിമോചനയാത്രയ്‌ക്ക് ഊര്‍ജ്ജം പകര്‍ന്നു. ഇന്നലെ രാവിലെ ജില്ലയിലെ വടക്കേയറ്റമായ അരൂക്കുറ്റിയിലെ ദിശാ കാരുണ്യകേന്ദ്രത്തിന്റെ പൂമുഖത്തെത്തിയ സംസ്ഥാന അധ്യക്ഷനെ സ്വീകരിക്കാനെത്തിയത് 35 ഓളം കുരുന്നുകളാണ്. നിഷ്‌കളങ്കമായ പുഞ്ചിരിയും സ്‌നേഹവും നല്‍കി അവര്‍ കുമ്മനത്തെ സ്വീകരിച്ചു. തുടര്‍ന്ന് കുട്ടികളുമായി സ്‌നേഹം പങ്കുവെച്ചു. അവരുടെ വിവരങ്ങള്‍ ശ്രദ്ധാപൂര്‍വം ചോദിച്ചറിഞ്ഞു.
ഇവിടെ കഴിയുന്നതുകൊണ്ട് ആരും ഒറ്റപ്പെടുന്നില്ല, സംരക്ഷണം നല്‍കാന്‍ ഈ സമൂഹവും ഒപ്പം ഞാനും എന്റെ പാര്‍ട്ടിയുമുണ്ടാകും. നിങ്ങള്‍ നന്നായി പഠിക്കണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാകകണം, നല്ല പുസ്തകങ്ങള്‍ വായിച്ച് കൂടുതല്‍ അറിവ് നേടി ഉന്നതങ്ങളിലെത്തണം. പ്രകൃതിയെയും കൃഷിയെയും സ്‌നേഹിച്ചു വേണം വളരാന്‍… തുടങ്ങി ഒട്ടെറെ കാര്യങ്ങള്‍ കുരുന്നുകള്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കി. ദിശാ കാരുണ്യകേന്ദ്രം പ്രതീക്ഷയുടെയും പ്രത്യാശയുടെയും കേന്ദ്രമാണെന്നും സൂചിപ്പിച്ചു.
കുമ്മനത്തിന്റെ വാക്കുകള്‍ കുട്ടികള്‍ക്കും കാരുണ്യകേന്ദ്രത്തിലുള്ളവര്‍ക്കും ആശ്വാസവും പ്രതീക്ഷയും പകര്‍ന്നു. ഒന്‍പതാം ക്ലാസുകാരി ശ്രീരഞ്ജിനിയുടെ പാട്ടുകൂടി കേട്ടതിനുശേഷം കുട്ടികള്‍ക്കൊപ്പമിരുന്ന് പ്രഭാതഭക്ഷണവും കഴിച്ചു. തുടര്‍ന്ന് കാരുണ്യകേന്ദ്രത്തിന് ധനസഹായവും നല്‍കി, അവര്‍ക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചു.
ദിശാ കാരുണ്യകേന്ദ്രം പ്രസിഡന്റ് സലിം ചെറുകാട്ട്, സെക്രട്ടറി മിര്‍സാദ് എന്നിവര്‍ വിമോചനയാത്രാ നായകനും പ്രവര്‍ത്തകര്‍ക്കും പ്രത്യേകം നന്ദിയും രേഖപ്പെടുത്തി. ദേശീയ നിര്‍വാഹസമിതി അംഗം പി.കെ. കൃഷ്ണദാസ്, നേതാക്കളായ വെള്ളിയാകുളം പരമേശ്വരന്‍, എന്‍. പത്മകുമാര്‍, കെ. സോമന്‍, ടി. സജീവ് ലാല്‍, പെരുമ്പളം ജയകുമാര്‍, അഡ്വ. ബി. ബാലാനന്ദ്, സി. മധുസൂദനന്‍ എന്നിവരുമുണ്ടായിരുന്നു.
















