തിരുവനന്തപുരം: ഇത്രയും സംശുദ്ധ ജിവിതത്തിന്റെ ഉടമയെ താന്‍ ഇതുവരെയും കണ്ടിട്ടില്ല. കഴിഞ്ഞ അറുപത് വര്‍ഷമായി തനിക്ക് അദ്ദേഹത്തെ നേരിട്ടറിയാമെന്ന് കുമ്മനത്തെക്കുറിച്ച് പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍. വിമോചന യാത്രക്ക് നെയ്യാറ്റിന്‍കരയില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം പത്മശ്രീ ലഭിച്ച ഗാന്ധിയനെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു കുമ്മനം.
കുമ്മനത്തിന്റെ പിതാവുമായും കുടുംബവുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. സമരങ്ങള്‍ ഏറ്റെടുത്താല്‍ ഇന്നത്തെപ്പോലെ വഴിയില്‍ വച്ച് ഉപേക്ഷിക്കുന്ന പതിവ് കുമ്മനത്തിനില്ല. ഫലം കണ്ടേ മടങ്ങൂ. ആറന്മുള സമരത്തെക്കുറിച്ച് നല്‍കുന്ന പാഠം അതാണ്. കറയറ്റ സാമൂഹിക പ്രവര്‍ത്തനമാണ് കുമ്മനം നടത്തി വരുന്നത്. വരും നാളുകളില്‍ അതിന്റെ പരിപൂര്‍ണ്ണ ഫലം നമുക്ക് കാണാന്‍ കഴിയുമെന്നും ഗാന്ധിയന്‍ ഗോപിനാഥന്‍നായര്‍ കൂട്ടിച്ചേര്‍ത്തു.
മധുരം നല്‍കിയാണ് ഗാന്ധിയനും അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി അമ്മയും ചേര്‍ന്ന് കുമ്മനത്തെ സ്വീകരിച്ചത്. വിമോചനയാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ച ശേഷം വെങ്ങാനൂരിലെ സ്വീകരണ സ്ഥലത്തേക്ക് കുമ്മനം യാത്രപറഞ്ഞിറങ്ങി.
















