തിരുവനന്തപുരം: ഒടുവില്‍ കലോത്സവ കമ്മറ്റി തെറ്റുതിരുത്തി. സ്വര്‍ണ്ണക്കപ്പിനൊപ്പം ശില്‍പ്പിയെയും വരവേല്‍ക്കാന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകര്‍ തീരുമാനിച്ചു. സ്വര്‍ണ്ണക്കപ്പിനെ തന്റെ മാനസപുത്രിയായി കരുതുന്ന ശില്‍പ്പി ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെ നൊമ്പരങ്ങള്‍ക്ക് അറുതിയായി.
മുപ്പത് വര്‍ഷം മുമ്പ് താന്‍ ഉയിരേകിയ സ്വര്‍ണ്ണക്കപ്പ് വീട്ടുപടിക്കലൂടെ കടന്നു പോകുമ്പോള്‍ ദൂരെ മാറിനിന്ന് കാണേണ്ട ദുരവസ്ഥയാണോ തനിക്കെന്ന് കഴിഞ്ഞദിവസം കണ്ണീരോടെ ശ്രീകണ്ഠന്‍ നായര്‍ ചോദിച്ചിരുന്നു. കലോത്സവ ജേതാക്കള്‍ക്ക് നല്‍കുന്ന സ്വര്‍ണ്ണക്കപ്പിന് ഉയിരേകിയ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെ മറന്നത് നീതികേടാണെന്ന് ജന്മഭൂമി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജന്മനാട്ടിലേക്കെത്തുന്ന സ്വര്‍ണ്ണക്കപ്പിനെ വരവേല്‍ക്കാന്‍ വിളിപ്പുറത്തുണ്ടായിട്ടും ശില്‍പ്പിക്ക് ക്ഷണമില്ലെന്ന തലക്കെട്ടില്‍ ജന്മഭൂമി നല്‍കിയ വാര്‍ത്തയെ തുടര്‍ന്ന് കലോത്സവ ട്രോഫി കമ്മറ്റി കണ്‍വീനര്‍ ഡോ. സുധീഷ്, വൈസ് ചെയര്‍മാന്‍ ഇന്ദുലാല്‍ എന്നിവര്‍ നേരിട്ടെത്തി ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. കലയുടെ മാമാങ്കത്തിന് വേദിയൊരുക്കുന്നവര്‍ തന്നെ ഒരു കലാകാരന്റെ ഹൃദയത്തെ അറിയാതെയെങ്കിലും മുറിവേല്‍പ്പിച്ചതില്‍ ക്ഷമ ചോദിച്ചുകൊണ്ടാണ് സംഘാടകര്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് മുന്നിലെത്തിയത്. അതുവരെ അടക്കിപ്പിടിച്ച മാനസിക വ്യഥ ചോര്‍ന്നില്ലാതായതോടെ ആനന്ദക്കണ്ണീര്‍ പൊഴിച്ച് ശ്രീകണ്ഠന്‍ നായര്‍ പുഞ്ചിരിച്ചു.
കേശവദാസപുരത്ത് 18 ന് ഉച്ചയോടെ സ്വര്‍ണ്ണക്കപ്പ് എത്തുമ്പോള്‍ ശ്രീകണ്ഠന്‍ നായര്‍ പൊന്നാട ചാര്‍ത്തി കപ്പിനെ ചേര്‍ത്തുപിടിക്കും. പിതൃവാത്സല്യത്തോടെ ആ സ്വര്‍ണ്ണക്കപ്പിലെ വളയിട്ട കൈകളില്‍ തലോടും. തുടര്‍ന്ന് അലങ്കരിച്ച വാഹനത്തില്‍ സ്വര്‍ണ്ണക്കപ്പിനൊപ്പം ശില്‍പ്പിയെയും ഇരുത്തി വര്‍ണ്ണശബളമായ ഘോഷയാത്ര. കലയുടെ കേളീവസന്തം തളിരിടുന്ന നഗരവീഥിയിലൂടെ നാടിന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സ്വര്‍ണ്ണക്കപ്പും ശില്‍പ്പിയും പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനിയില്‍ എത്തിച്ചേരും. തുടര്‍ന്ന് അനുഗൃഹീത ചിത്രകാരന്‍ ശ്രീകണ്ഠന്‍ നായരെ സംസ്ഥാന സ്‌കൂള്‍ കലോത്സവ സംഘാടക സമിതി ആദരിക്കും. ഇത്തരത്തിലാണ് സ്വര്‍ണ്ണക്കപ്പിനെ വരവേല്‍ക്കുന്ന ചടങ്ങ് സംഘാടകര്‍ പുതുക്കി നിശ്ചയിച്ചത്.
സപ്തതിയുടെ നിറവിലാണെങ്കിലും പ്രായംമറന്ന ഉത്സാഹത്തിലാണ് ശ്രീകണ്ഠന്‍ നായര്‍. ലളിതകലാ അക്കാദമിയുടെ സ്വര്‍ണ്ണ മെഡലടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ശ്രീകണ്ഠന്‍ നായര്‍ പ്രായത്തിന്റെ അവശതകള്‍ ഏറെയുണ്ടെങ്കിലും ഇപ്പോഴും ചിത്രങ്ങളുടെയും ശില്‍പ്പങ്ങളുടെയും പണിപ്പുരയിലാണ്.
ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടുള്ള ശ്രീകണ്ഠന്‍ നായര്‍ തന്റെ ഓരോ ചിത്രങ്ങളിലും വര്‍ണ്ണങ്ങള്‍ക്കൊപ്പം രാഗങ്ങളും ലയങ്ങളും സന്നിവേശിപ്പിക്കുന്നു. രണ്ടു വര്‍ഷമായി എന്റെ പ്രണയ വര്‍ണ്ണങ്ങള്‍ എന്നപേരില്‍ ആറു ചിത്രങ്ങളുടെ വിശാലമായ ക്യാന്‍വാസൊരുക്കുന്ന തിരക്കിലാണ് ശ്രീകണ്ഠന്‍ നായര്‍. പ്രധാനാദ്ധ്യാപികയായി വിരമിച്ച ഗിരിജകുമാരിയാണ് ഭാര്യ. ദുബായിയില്‍ ബയോമെഡിസിന്‍ എഞ്ചിനീയര്‍ അരവിന്ദ്, ശാസ്തമംഗലം ആര്‍കെഡിഎം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇംഗ്ലീഷ് അദ്ധ്യാപിക ഗോപികാറാണി എന്നിവര്‍ മക്കളാണ്.
















