തിരുവനന്തപുരം: നൃത്തവേദിയില്‍ മിന്നിത്തിളങ്ങാന്‍ അമലിന് ഇല്ലായ്മകള്‍ തടസമായില്ല. വാടക വീട്ടില്‍ നിന്ന് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ത്രസിപ്പിക്കുന്ന വേദിയിലെത്താന്‍ അമലിന് പണവും പരിശീലനവും നല്‍കിയത് മയ്യനാട് ഹയര്‍സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപക രക്ഷകര്‍തൃ സമിതിയും നൃത്ത ഗുരുവായ ആര് എല്‍ വി രതീഷുമായിരുന്നു.
കഴിഞ്ഞ കലോത്സവത്തില്‍ നാടോടിനൃത്തത്തിന് ഒന്നാം സ്ഥാനവും ഭരതനാട്യത്തിന് രണ്ടാം സ്ഥാനവും കിട്ടിയെങ്കിലും കുച്ചുപ്പുടിയില്‍ അമലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇത്തവണ കുച്ചുപ്പുടിയില്‍ ഒന്നാം സ്ഥാനം നേടി അമല്‍ ജി നായരെന്ന കൊല്ലം മയ്യനാട് എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാര്‍ഥി കൈപിടിച്ചുയര്‍ത്തിയവരുടെ അഭിമാനമായി. അമലിന്റെ അച്ചന് കാട്ടാക്കട പേഴുംമൂട്ടില്‍ ഗിരീഷ്കുമാര്‍ ഹോട്ടല്‍ തൊഴിലാളിയാണ്.
ഗിരീഷിന്റെ തുശ്ചമായ വരുമാനത്തിലാണ് സ്വന്തമായി ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത കുടുംബം കഴിയുന്നത്. അമലിന്റെ അനുജന് അതുല്‍ ഇന്നു നടക്കുന്ന ഭരതനാട്യ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവരെയും സംസ്ഥാന കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ മോഹമുണ്ടായിരുന്നെങ്കിലും സാമ്പത്തികമില്ലാത്തതിനാല്‍ ഗിരീഷിന് സാധിക്കുമായിരുന്നില്ല. ഇവരുടെ വേദന കണ്ടറിഞ്ഞ് സ്കൂള്‍ അധികൃതരും നൃത്തത്തിലെ അമലിന്റെ ഗുരുവും സഹായവുമായി എത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: