തിരുവന്തപുരം: തുള്ളല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസ്സിലെത്തുന്നത് ഓട്ടന്‍തുള്ളലാണ്. എന്നാല്‍ കുഞ്ചന്നമ്പ്യാര് ജന്മം നല്കിയ ശീതങ്കന്‍തുള്ളലും പറയന്‍തുള്ളലും മുന്‍ നിരയിലേക്ക് കൊണ്ടുവരാന്‍ ജീവിതം മാറ്റിവച്ച കലാകാരനാണ് കലാമണ്ഡലം പ്രഭാകരന്. കഴിഞ്ഞ 35 വര്‍ത്തെ കലോത്സവമേളയില് ഇദ്ദേഹത്തിന്റെ ശിഷ്യര്‍ ശീതങ്കനും പറയനും അവതരിപ്പിക്കണമെന്ന് നിര്‍ബന്ധമുണ്ട് ഈ തുള്ളല്‍ കലാകാരന്.
ഓട്ടന്‍തുള്ളലിന്റെ വേഷപ്പൊലിമയും ചടുതലയും ഇല്ലാത്തനാല്‍ പലപ്പോഴും പറയന്‍തുള്ളലും ശീതങ്കനും കലോത്സവവേദിക്ക് മാത്രമല്ല മറ്റ്് വേദികള്‍ക്കും പുറത്താണ്. മത്സരങ്ങളില്‍ പലപ്പോഴും ഇവയെ വിധികര്‍ത്താക്കള്‍ തഴയുമെന്നതിനാല് ഇവയെ അഭ്യസിക്കുവാന്‍ കുട്ടികളും രക്ഷിതാക്കളും തയ്യാറല്ല.
ഓട്ടന്‍തുള്ളലിന്റെ വേഷപ്പൊലിമയോളം എത്തില്ലെങ്കിലും ശീതങ്കന്റെ വേഷം കഥകളിയിലെ സ്ത്രീ വേഷത്തോട് സാമ്യ മുള്ളതാണ്. എന്നാല്‍ കുരുത്തോലകൊണ്ടുള്ള തോള്‍പൂട്ടും ഹസ്തകടവുമെല്ലാം മെനയുക പ്രയാസമാമെന്ന് പ്രഭാകരന് മാഷ് പറയുന്നു. എന്നാലും ഇന്നലെ നടന്ന ഹയര്‍സെക്കന്ററി വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ പ്രഭാകരന്‍മാഷിന്റെ ശിഷ്യന് എറണാകുളം ഉദയന്‍പേരൂര്‍ എസ്എന്‍ഡിപി സ്കൂളിലെ ബേയ്സില്‍ സണ്ണി എ ഗ്രേഡ് നേടി. കല്യാണ സൗഗന്ധിഗമായിരുന്നു കഥ.
നാളെ നടക്കുന്ന എച്ച്എസ് വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ മറ്റാരും മത്സരിക്കാന്‍ തയ്യാറാകാത്ത പറയന്‍തുള്ളലും മാഷിന്റെ ശിഷ്യന് അവതരിപ്പിക്കും. ദേഹം മുഴുവന്‍ ഭസ്മം പൂശിയുള്ള, വേഷപ്പൊലിമയില്ലാത്ത ഈ തുള്ളല്‍ കലാരൂപം നിലനില്ക്കണമെന്ന ആഗ്രഹംകൊണ്ട് മാത്രമാണ് രംഗത്ത് അവതരിപ്പിക്കുന്നത്. സമ്മാനമത്തേക്കാളുപരി ജനങ്ങള്‍ ഈ കലയെ അറിഞ്ഞിരിക്കണം എന്നത് മാത്രമാണ് ഈ ആശാന്റെ ആഗ്രഹം.
ഇവയില്‍ മാത്രമല്ല ഓട്ടന്‍തുള്ളലിലും മാഷിന്റെ ശിഷ്യര്‍ മാറ്റുരയ്ക്കുന്നു. വാചികത്തിനും പിന്നെ ആംഗികാഭിനയത്തിനും പ്രാധാന്യമുള്ള ഓട്ടന്‍തുള്ളലിന്റെ വരികള്‍ പലപ്പോഴും പുറത്ത് കേള്‍ക്കാറില്ല എന്നതില്‍ ഈ കലാകാരന് പരിഭവമുണ്ട്. പാട്ടിനെ സഹായിക്കേണ്ട പക്കമേളം പാട്ടിനെ വിഴുങ്ങാതിരിക്കാന്‍ ഇടയ്ക്കയെ ഒഴുവാക്കിയാണ് അവതരണം. മാത്രമല്ല പലരും ശിഷ്യര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ അല്പം പ്രയാസമുള്ള ബാലിവധംപോലുള്ള കഥകളാണ് അവതരിപ്പിക്കുക.
ചെമ്പ, ചെമ്പട, അടന്ത, ലക്ഷ്മിതാളം, കുംഭതാളം തുടങ്ങിയ നാടന്‍ താളങ്ങളാല്‍ നിബിഢമായ തുള്ളല്‍ പലപ്പോഴും അവയ്ക്ക് പുറത്ത് പോകുന്നതിലും ഏറെ വിഷമമുണ്ട് ഈ തുള്ളല്‍ ആചാര്യന്. തുള്ളല്‍ പ്രസ്ഥാനത്തിന് വിലമതിക്കാനാകാത്ത സംഭാവനകള്‍ നല്കിയ മലബാര്‍ രാമന്നായരുടെ സഹോദര പുത്രനാണ് കലാമണ്ഡലം പ്രഭാകരന്. 60 വര്‍ഷത്തെ കലാജീവിത്തില് തേടിയെത്തിയത് കേരള സംഗീത നാടക അക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍. ഇന്ന് ശീതങ്കനും പറയനും തുള്ളലെന്നു പറഞ്ഞാല്‍ പ്രഭാകരന്മാഷെന്നാണ് തുള്ളല്‍ കലാരംഗം പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: