തിരുവനന്തപുരം: തമ്പ്രാന്‍ ചതിച്ച അടിയാത്തിയുടെ നൊമ്പരങ്ങള്‍ വേദിയില്‍ അനശ്വരമാക്കവെ സ്വന്തം കൈ സ്റ്റേജിലെ പരുക്കന്‍ തടിപ്പലകയില്‍ ഇടിച്ച വേദന അവള്‍ കടിച്ചമര്‍ത്തി. കൈത്തണ്ടയിലെ എല്ലുകളിലൊന്ന് പൊട്ടിയിട്ടും അവള്‍ക്ക് മുദ്രകള്‍ പിഴച്ചില്ല. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി ചന്ദന രാജേന്ദ്രനാണ് ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടി നൃത്തത്തിനിടെ ചുവട് പിഴച്ച് കൈ സ്റ്റേജിലെ തടിപ്പലകയില്‍ ഇടിച്ച് ക്ഷതമേറ്റത്.
നൃത്തം കഴിഞ്ഞ് വേദിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ വേദന സഹിക്കവയ്യാതെ ആ കുരുന്ന് നിലവിളിച്ചു. ഉടന്‍ രക്ഷിതാക്കളും അദ്ധ്യാപകരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി. എക്‌സറേ എടുത്ത് പരിശോധിച്ചപ്പോള്‍ പൊട്ടലുണ്ട്. മത്സര ഫലമറിയാന്‍ പ്ലാസ്റ്ററിട്ട കൈയുമായി ചന്ദന പുത്തരിക്കണ്ടത്തെ വേദിയിലെത്തിയപ്പോള്‍ നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനം ചന്ദനയുടെ അടിയാത്തിക്ക്. ടാക്‌സി ഡ്രൈവറായ പിതാവ് രാജേന്ദ്രന്‍ പകലന്തിയോളം വളയം പിടിച്ച് കിട്ടുന്ന ചില്ലിത്തുട്ടുകള്‍ മിച്ചം പിടിച്ചാണ് ഏക മകളായ ചന്ദനയെ കലോത്സവത്തിനയച്ചത്. അച്ഛന്റെ പ്രതീക്ഷയാണീ മോള്‍. ആ അച്ഛന്റെ പ്രതീക്ഷകള്‍ കാക്കാന്‍ വേദന കടിച്ചമര്‍ത്തി വിജയ വഴിയിലേക്ക് നൃത്തം ചവിട്ടിക്കയറുകയായിരുന്നു അവള്‍.
അച്ഛന്റെ കഠിനാധ്വാനത്തിന്റെ കഥ നന്നായറിയുന്ന അവള്‍ മറ്റെല്ലാ വേദനകളും മറന്നു. ഫല പ്രഖ്യാപനത്തിനു ശേഷം ചന്ദനയെ ഒടിഞ്ഞ കൈ പ്ലാസ്റ്ററിട്ട നിലയില്‍ കാണുമ്പോഴാണ് ജഡ്ജസും കാണികളുമെല്ലാം അതിശയിച്ചത്. ചന്ദന പരിക്കുകളോടെയാണ് നൃത്തത്തിന്റെ അവസാന ഭാഗം ആടി തീര്‍ത്തതെന്ന് അവര്‍ക്ക് വിശ്വസിക്കാനായില്ല. മകന്‍ കൈവിട്ടു പോകുന്നത് താങ്ങാനാവാതെ പൊട്ടിക്കരയുന്ന അടിയാത്തി സദസിന്റെ കണ്ണു നനച്ചിരുന്നു. അത് അഭിനയമായിരുന്നില്ലെന്ന് തിരിച്ചറിയുകയായിരുന്നു ചന്ദനയിലൂടെ ആസ്വാദകര്‍.
















