പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുയോഗ സ്ഥലത്ത്
എസ്പിജി: ഐജി ജെത്വയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു
തൃശൂര്‍: വടക്കുന്നാഥന്റെയോ ഉപക്ഷേത്രങ്ങളിലേയോ ഭക്തര്‍ക്ക് അസൗകര്യമുണ്ടാകാതെ ഏറ്റവും അധികം ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയും വിധം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗ വേദി ഒരുക്കും. നായ്‌ക്കനാല്‍ പരിസരത്ത് വടക്കുന്നാഥന്‍ ശ്രീമൂലസ്ഥാനത്തേക്കുള്ള റോഡിന്റെ കിഴക്ക് വശത്ത് തെക്ക് പടിഞ്ഞാറ് അഭിമുഖമായാണ് വേദിയൊരുക്കുന്നത്.
സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഇന്‍സ്‌പെക്ടര്‍ ജനറല്‍ വൈ. കെ. ജെത്വ, എഐജി മാരായ സുമിത് സിദ്ധി, രാജീവ് ഖുഗ്‌സല്‍ ,ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍, ത്യശ്ശൂര്‍ റേഞ്ച് ഐജി എം. ആര്‍. അജിത്കുമാര്‍, പോലീസ് കമ്മീഷണര്‍ കെ. ജി. സൈമണ്‍ , ജില്ലാ പോലീസ് മേധാവി ( റൂറല്‍) കെ. കാര്‍ത്തിക് ക്ഷേത്രഭരണ സമിതി അംഗം പൊതുയോഗ സംഘാടകസമിതി അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് വേദി മാറ്റാന്‍ തീരുമാനിച്ചത്. വിദ്യാര്‍ത്ഥി കോര്‍ണറിന് സമീപമായിരുന്നു വേദി നിശ്ചയിച്ചിരുന്നത്.
യോഗസ്ഥല സന്ദര്‍ശനത്തിനു ശേഷം കളക്ടറുടെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ഐ.ജി. വൈ.കെ. ജെത്വ ജില്ലാഭരണകൂടത്തിന്റെ നേത്യത്വത്തില്‍ നടത്തിയ ഒരുക്കങ്ങളെ ശഌഘിക്കുകയും സുരക്ഷാ ക്രമീകരണങ്ങളില്‍ ത്യപ്തി രേഖപ്പെടുത്തുകയും ചെയ്തു. പ്രവേശനപ്പാസില്ലാതെ ആരെയും വേദിയിലേക്ക് കടത്തിവിടില്ല. യോഗത്തിനെത്തുന്ന പൊതുജനങ്ങള്‍ സുരക്ഷാ പരിശോധനക്കായി യോഗം തുടങ്ങുന്നതിനു വളരെ മുന്‍പേ പ്രവേശന കവാടത്തില്‍ എത്തണം. യോഗം തുടങ്ങുന്നതിന് ഒരു മണിക്കുര്‍ മുന്‍പേ പൊതുജനങ്ങളുടെ പ്രവേശനം തടയും. യോഗം ഡിസംബര്‍ 14 ന് വൈകീട്ട് അഞ്ചു മണിക്ക് ആരംഭിക്കുമെന്ന് വൈ.കെ. ജെത്വ അറിയിച്ചു.
പൊതുജനങ്ങള്‍ക്ക് ഏറ്റവും കുറച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സുരക്ഷ ഒരുക്കുക. സ്‌കൂളുകള്‍ക്കൊ മറ്റ് വിദ്യാഭ്യാസ വ്യാപാര സ്ഥാപനങ്ങള്‍ക്കോ അവധിയോ അനാവശ്യ നിയന്ത്രണമോ ഏര്‍പ്പെടുത്തില്ല. ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ് എന്നീ അവശ്യ സേവനങ്ങള്‍ പോലീസിന്റെ നിയന്ത്രണത്തില്‍ കടത്തി വിടണം. മാധ്യമ പ്രവര്‍ത്തകരും ഒരു മണിക്കുര്‍ മുന്‍പേ നിര്‍ദ്ദിഷ്ട സ്ഥാനങ്ങളില്‍ എത്തിച്ചേരണമെന്നും ഐ.ജി.അറിയിച്ചു.
യോഗത്തില്‍ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍.ഉമാകാന്തന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. കെ.കെ.അനീഷ്‌കുമാര്‍, യാഗ ശ്രീകുമാര്‍, എ.ഡി.എം സി.കെ.അനന്തക്യഷ്ണന്‍,സബ്കളക്ടര്‍ ഹരിത.വി.കുമാര്‍ ഐ.ബി.അഡീ.ഡയറക്ടര്‍ സി.ഉണ്ണിക്ക്യഷ്ണന്‍, സിറ്റി.എ.സി.പി.ശിവ വിക്രം ,ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
















