കൊച്ചി: ചീനവലകള്‍ അലങ്കരിച്ച, രാത്രിയിലും സുന്ദരിയായ കൊച്ചി കായലിന്റെ സൗന്ദര്യം നുകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ മോദി വില്ലിംഗ്ടണ്‍ ഐലന്റിലെ താജ് വിവാന്തയിലാണ് ഇന്നലെ രാത്രി തങ്ങിയത്. കായലിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന താജിന്റെ മലബാര്‍ സ്യൂട്ടാണ് പ്രധാനമന്ത്രിക്കായി തയ്യാറാക്കിയത്. മോദിയുടെ ഇഷ്ട ഇനങ്ങളായ ഗുജറാത്തി വിഭവങ്ങളും ഒരുക്കിയിരുന്നു. മോദിയുടെ അഭിരുചികളും ഇഷ്ടങ്ങളും അറിഞ്ഞുള്ള സൗകര്യങ്ങളാണ് ഹോട്ടല്‍ അധികൃതര്‍ ഒരുക്കിയത്. പഞ്ഞികൊണ്ടു നിര്‍മിച്ച കയര്‍ മാറ്ററസ് ബെഡ് ആണ് കട്ടിലില്‍. ഇന്റര്‍കോമിന്റെ മണിയടി ശബ്ദം പോലും അദ്ദേഹത്തിന് അലോസരമുണ്ടാക്കില്ല. മറിച്ച് പ്രധാനമന്ത്രിക്ക് തന്റെ സഹായികളെ ഏതു നിമിഷവും വിളിക്കാം.
വ്യായാമത്തിന് സൈക്കിള്‍,
ഹോട്ട്‌ലൈന്‍ സംവിധാനം
ടെലിവിഷന്‍, വ്യായാമത്തിന് സൈക്കിള്‍, സംഗീത സംവിധാനം, ഊഷ്മാവ് സ്വയം നിയന്ത്രിക്കുന്ന എസി, ഫ്രൂട്ട് ബാസ്‌കറ്റ്, വാല്‍നട്ട്, ബദാം ഡ്രൈഫ്രൂട്ട്‌സുകള്‍ എന്നിവയാണ് റൂമില്‍ ഒരുക്കിയിട്ടുള്ളത്. കുളിമുറിയിലും ടോയ്‌ലെറ്റിലും അടിയന്തിര ഘട്ടത്തില്‍ ഡോക്ടറെ വിളിക്കാന്‍ പ്രത്യേക ബെല്‍ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടുമുറികളിലേക്കും കയറുന്ന ഭാഗങ്ങളില്‍ തെന്നി വീഴാതിരിക്കുന്നതിന് റബര്‍ മാറ്റും ഇട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മുറിയും അദ്ദേഹത്തിന്റെ ദല്‍ഹി ഓഫീസുമായും സഹായികളുടെ മുറിയും ബന്ധിപ്പിച്ച് ഹോട്ട്‌ലൈന്‍, അതിവേഗ ലേസര്‍ പ്രിന്റര്‍, ഫാക്‌സ് എന്നിവയുണ്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്കും പ്രത്യേക ഫോണ്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
രാവിലെ ഇഞ്ചി രസം
ചേര്‍ത്ത ചായ
സസ്യാഹാരമാണു പ്രധാനമന്ത്രിക്കായി ഒരുക്കുന്നത്. മധുരം, ഉപ്പ് എന്നിവ തീരെ കുറവായിരിക്കും. പ്രത്യേക മസാലയും എണ്ണയും ഉപയോഗിച്ചു തയാറാക്കുന്ന അല്‍പ്പം എരിവുള്ള ഭക്ഷണമാണു മോദി കഴിക്കുന്നത്. രാവിലെ ആദ്യം ഇഞ്ചിയുടെ രസം ചേര്‍ത്ത ചായയും മാരി ബിസ്‌കറ്റും. പ്രഭാത ഭക്ഷണമായി പുഹ, അപ്രോവ, ഇഡ്ഡലി സാമ്പാര്‍, ഖക്ര, വെണ്ണ ചേര്‍ത്ത ബ്രെഡ് എന്നിവയും ഉച്ചയ്‌ക്ക് സലാഡ്, മിക്‌സഡ് വെജിറ്റബിള്‍ സൂപ്പ്, റൊട്ടി, ജീരക അരിചോറ്, പരിപ്പ്, രണ്ടു തരം സബ്ജി, മസാലയും എണ്ണയും കുറച്ചുളള പനീര്‍, തൈര്, പഴങ്ങള്‍ എന്നിവയും അത്താഴത്തിന് വെജിറ്റബിള്‍ കിച്ചടി (ഗുജറാത്തി), റൊട്ടി, പരിപ്പ്, ചോറ്, രണ്ടുതരം സബ്ജി, തൈര്, പഴങ്ങള്‍ എന്നിവയും ഒരുക്കും.
















