മെല്‍ബണ്‍: ലോകകപ്പില്‍ പൂള് എയിലെ ഹൈ വോള്‍ട്ടേജ് മത്സരത്തില്‍ ആരു കത്തിയമരും?. ആ ചോദ്യത്തിന് ഉത്തരം-ഇംഗ്ലണ്ട്. കിട്ടാക്കനിയായ ലോക കിരീടം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് കങ്കാരുപ്പട സമ്മാനിച്ചത് 111 റണ്‍സിന്റെ വേദനാജനകമായ തോല്‍വി. ഓസീസ് തീര്‍ത്ത 343 റണ്‍സിന്റെ വിജയലക്ഷ്യം താണ്ടാനുള്ള പാങ്ങ് ഇംഗ്ലണ്ടിനുണ്ടായില്ല. അവര്‍ 231 എന്ന സ്കോറിന് ഇടറിവീണു. സ്കോര്‍: ഓസീസ്- 342/9 (50 ഓവര്‍). ഇംഗ്ലണ്ട്- 231 (41.5).
കാര്യങ്ങളൊന്നും ഇന്നലെ ഇംഗ്ലണ്ടിന്റെ വഴിക്കുവന്നില്ല. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇയോണ്‍ മോര്‍ഗനെയും കൂട്ടരേയും ആരോണ്‍ ഫിഞ്ചിന്റെ (135) സെഞ്ച്വറിയും. ഗ്ലെന്‍ മാക്സവെല്ലിന്റെയും (40 പന്തില്‍ 66), ജോര്‍ജ് ബെയ്ലിയുടെയും (55) അര്‍ധ ശതകങ്ങളും കശക്കികളഞ്ഞു. ഇന്നിംഗ്സിന്റെ ആദ്യ പകുതിയില്‍ പന്ത്രണ്ട് ബൗണ്ടറികളും മൂന്നു സിക്സറുകളുമായി ഉറഞ്ഞു തുള്ളിയ ഫിഞ്ചും പതിനൊന്നു ഫോറുകളോടെ അന്ത്യത്തില്‍ നിറഞ്ഞാടിയ മാക്സ്വെല്ലും അക്ഷരാര്‍ത്ഥത്തില്‍ ഗാലറിക്ക് റണ്സദ്യ ഒരുക്കി.
ബ്രാഡ് ഹാഡിനും (14 പന്തില്‍ 31) ഇംഗ്ലണ്ടിന്റെ മുറിവില്‍ ഉപ്പുപുരട്ടി. അവസാന മൂന്നു പന്തുകളില്‍ ഹാട്രിക്ക് തികച്ച സ്റ്റീവന്‍ ഫിന് ഇംഗ്ലണ്ടിന് നേരിയ ചിരി നല്കി. ഹാട്രിക്ക് അടക്കം 5 വിക്കറ്റുകള്‍ കൊയ്തെങ്കിലും 71 റണ്‍സാണ് ഫിന് വഴങ്ങിയത്. സ്റ്റ്യുവര്‍ട്ട് ബ്രോഡ് രണ്ടിരകളെ കണ്ടെത്തി.
റണ്‍മല കയറാനിറങ്ങിയ ഇംഗ്ലണ്ടിനെ 9 ഓവറില്‍ 33 റണ്‍സിന് 5 വിക്കറ്റ് പിഴുത മിച്ചല്‍ മാര്‍ഷ് ഛിന്നഭിന്നമാക്കിക്കളഞ്ഞു. മിച്ചല്‍ ജോണ്‍സനും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടുപേരെ വീതം കൂടാരത്തിലെത്തിച്ചു.
മൊയീന്‍ അലിയും (10) ഇയാന്‍ ബെല്ലും (36) ഗ്യാരി ബാലന്‍സും (10) ജോ റൂട്ടും (5) മോര്ഗനുമൊന്നും (0) മേലനക്കാന്‍ മെനക്കെട്ടില്ല. 6ന് 92 എന്ന അവസ്ഥയില്‍ നാണക്കേടിനെ അഭിമുഖീകരിച്ച ഇംഗ്ലണ്ടിനെ ജെയിംസ് ടെയ്ലറാണ് (98 നോട്ടൗട്ട്, 11 ഫോര്‍, 2 സിക്സ്) കരകയറ്റിയത്. ക്രിസ് വോക്സ് (37) ടെയ്ലര്‍ക്ക് പിന്തുണ നല്കി. ഫിഞ്ച് മാന്‍ ഓഫ് ദ മാച്ച്.
ഫിന്നിന് ഹാട്രിക്ക്
ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്ട്രേലിയയ്ക്കു മുന്നില്‍ സ്വന്തം ടീം ദയനീയമായി തോറ്റെങ്കിലും ഇംഗ്ലീഷ് പേസര്‍ സ്റ്റീവന്‍ ഫിന്നിന് ആഘോഷിക്കാനൊരു ഹാട്രിക്ക്.
ബ്രാഡ് ഹാഡിന്, ഗ്ലെന്‍ മാക്സ്വെല്, മിച്ചല്‍ ജോണ്സന് എന്നിവരെയാണ് ഫിന് അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയത്. ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഇംഗ്ലീഷ് ബൗളറും ഫിന് തന്നെ. ലോകകപ്പിലെ എട്ടാമത്തെ ഹാട്രിക്കുകൂടിയാണ് ഫിന്നിന്റേത്. ചേതന്‍ ശര്‍മ്മ (ഇന്ത്യ), സഖ്ലെയ്ന്‍ മുഷ്താഖ് (പാക്കിസ്ഥാന്), ചാമിന്ദ വാസ് (ശ്രീലങ്ക), ബ്രെട്ട് ലീ (ഓസ്ട്രേലിയ), ലസിത് മലിംഗ (ശ്രീലങ്ക, 2007, 2011), കെമര്‍ റോച്ച് (വെസ്റ്റിന്‍ഡീസ്) എന്നിവര്‍ ഫിന്നിന്റെ മുന്‍ഗാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: