ചെറുപുഴ: മലയോര ഹൈവേയുടെ ഭാഗമായ ചെറുപുഴതിരുമേനി റോഡിലെ ഒരു കെട്ടിടം പൊളിക്കാതെയിരിക്കാന്‍ തനിക്ക് ഒരു കോടിരൂപ കോഴ ലഭിച്ചെന്ന സിപിഎം നേതാവിന്റെ പ്രഖ്യാപനം വിവാദമാകുന്നു. കഴിഞ്ഞ ദിവസം റോഡിന്റെ വീതി അളക്കുന്ന വേളയിലാണ് ടൗണിലെ ഒരു ജ്വല്ലറിയുടമ തനിക്ക് ഒരു കോടിരൂപ തന്നുവെന്ന് പരസ്യമായി പറഞ്ഞത്. റോഡ് അളക്കുന്ന തര്‍ക്ക വേളയിലാണ് ഏരിയാകമ്മിറ്റിയംഗം കൂടിയായ നേതാവ് ഇത് പറഞ്ഞത്. താനും ലോക്കല്‍ സെക്രട്ടറിയും കൂടി ഇത് വീതിച്ചെടുത്തുവെന്നും പറഞ്ഞു. എല്ലാവരും തമാശയായി കണ്ടെങ്കിലും ഇപ്പോള്‍ സേഷ്യല്‍ മീഡിയലില്‍ ഉള്‍പ്പെടെ ഇത് ചര്‍ച്ചയായതോടെ സിപിഎമ്മിന് ഉള്ളിലും വിവാദമാകുകയാണ്.
റോഡിന്റെ അളവ് കഴിഞ്ഞപ്പോള്‍ ജ്വല്ലറിയുടമയുടെ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൊളിച്ച് നീക്കണം. എന്നാല്‍ സിപിഎം നേതൃത്വം കെട്ടിടം പൊളിക്കുന്നത് എതിര്‍ക്കുന്നതാണ് നാട്ടുകാരില്‍ സംശയത്തിന് കാരണമാക്കുന്നത്. 12മീറ്റര്‍ വീതി വേണ്ട ഇവിടെ 11 മീറ്റര്‍ മാത്രമെ ഉള്ളൂവെന്നാണ് പരാതി. മലയോരത്തെ ഏറ്റവും തിരക്കേറിയ ചെറുപുഴതിരുമേനി റോഡ് ആണ് ഇത്. ഹൈവേക്കു 12മീറ്റര്‍ വീതി വേണമെന്നാണ് തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ സിപിഎം അട്ടിമറിക്കുന്നത്. റോഡ് കടന്നുപോകുന്ന പല സ്ഥലങ്ങളിലേയും കെട്ടിടങ്ങളും കൃഷികളും മറ്റും നശിപ്പിച്ചു സ്ഥലം ഏറ്റെടുത്തു. എന്നാല്‍ പിന്നീട് പലയിടത്തും ഈ തീരുമാനം കാറ്റില്‍പറത്തി ചിലരെ സഹായിക്കാനുള്ള ശ്രമമാണു നടന്നത്. നാടിന്റെ വികസനത്തിനു വേണ്ടി സാധാരണക്കാര്‍ പോലും സ്ഥലം വിട്ടുകൊടുത്തിരുന്നു. ഇവരുടെ ത്യാഗം പോലും കാണാന്‍ ചിലര്‍ തയാറാകുന്നില്ല. കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മലയോര ഹൈവേയിലൂടെ യാത്രചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഇനിയും വര്‍ധിക്കും.
















