പാനൂര്‍: വലിയവെളിച്ചത്ത്് ഇവിടെ ബീവറേജ് ഔട്ടലെറ്റ് വേണ്ടെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന രാപകല്‍ സമരം അഞ്ചാംദിവസത്തിലേക്ക്. കൂത്തുപറമ്പില്‍ നിന്നും ബീവറേജ് ഔട്ട്‌ലെറ്റ് ജനവാസകേന്ദ്രമായ വലിയവെളിച്ചത്തേക്ക് മാറ്റാനുളള നീക്കത്തിനെതിരെയാണ് പ്രദേശവാസികള്‍ സമരവുമായി രംഗത്തിറങ്ങിയിട്ടുളളത്. ബീവറേജ് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച കെട്ടിടത്തിനു മുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയാണ്. സ്ത്രീകളും, കുട്ടികളുമടക്കം സമരമുഖത്തുണ്ട്. വലിയവെളിച്ചം വ്യവസായകേന്ദ്രത്തിനു സമീപമാണ് പുതിയ ഔട്ട്‌ലെറ്റ് തുടങ്ങാന്‍ പോകുന്നത്. 40ഓളം വ്യവസായ കേന്ദ്രങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ ജോലി ചെയ്യുന്നത് ഏറെയും സ്ത്രീകളുമാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ ഔട്ട്‌ലെറ്റ് വന്നാല്‍ ജനങ്ങള്‍ക്ക് ദുരിതമാകുമെന്ന് സമരസമിതി അംഗം കെപി.സുരേഷ്ബാബു പറഞ്ഞു. ചിറ്റാറിപറമ്പ് ഗ്രാമപഞ്ചായത്ത് ഔട്ട്‌ലെറ്റിനു അനുമതി നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത്് അധികൃതരും വ്യക്തമാക്കുന്നു. നിയമം ലംഘിച്ചാണ് ഔട്ട്‌ലെറ്റിനായി സ്വകാര്യ വ്യക്തി കെട്ടിടം വാടകയ്‌ക്കു നല്‍കിയിട്ടുളളത്. റോഡില്‍ നിന്നും നിശ്ചിത പരിധി വിട്ടു മാത്രമെ ഔട്ടലെറ്റുകള്‍ പാടുളളൂ. ഇവിടെ റോഡരികില്‍ തന്നെയാണ് കെട്ടിടം ഉളളതും. കക്ഷി രാഷ്‌ട്രീയ ഭേദമന്യേ നാട്ടുകാര്‍ക്ക് പിന്തുണയുമായി സമരപന്തലില്‍ ആളുകള്‍ ഐക്യദാര്‍ഢ്യവുമായി എത്തുന്നുണ്ട്. ഇന്നലെ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശിന്റെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും വലിയവെളിച്ചത്തെത്തി. സമരം ചെയ്യുന്ന വലിയവെളിച്ചത്തെ ജനങ്ങള്‍ക്ക്് പൂര്‍ണ്ണ പിന്തുണയും,സഹായവും നല്‍കുമെന്ന് പി.സത്യപ്രകാശ് അറിയിച്ചു. എന്‍.രതി,കെപി.സഞ്ജീവ്കുമാര്‍,പി.സുധീര്‍,ലസിതപാലക്കല്‍,കെ.ഷീബ,കെപി.വസന്ത,ജയദേവന്‍ മൊകേരി,സിപി.പ്രമോദന്‍ തുടങ്ങിയ നേതാക്കള്‍ ജില്ലാപ്രസിഡണ്ടിനൊപ്പം സമരപന്തലിലെത്തി.
















