തോട്ടപ്പള്ളി പാര്‍ക്ക്
അമ്പലപ്പുഴ: തീരപരീപാലന നിയമം കാറ്റില്‍ പറത്തി ടുറിസം വകുപ്പ് തോട്ടപ്പള്ളിയില്‍ നിര്‍മ്മിച്ച പാര്‍ക്കിന്റെ ഉദ്ഘാടനം നടത്താന്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചു.
ലക്ഷങ്ങള്‍ മുടക്കിയാണ് ടൂറിസം വകുപ്പ് തോട്ടപ്പള്ളി പൊഴിയില്‍ വിനോദസഞ്ചാരികള്‍ക്കായി പാര്‍ക്ക് സ്ഥാപിച്ചത്. എന്നാല്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെയായിരുന്നു നിര്‍മ്മാണം. അതിനാല്‍ പാര്‍ക്കില്‍ പണിത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ ഇടാന്‍ പഞ്ചായത്ത് വിസമ്മതിച്ചു. ഇതിനാല്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല. ഇതോടെ പാര്‍ക്കിന്റെ ഉദ്ഘാടനം അനിശ്ചിതത്തിലായി.
തോട്ടപ്പള്ളി കടപ്പുറത്ത് നിര്‍മ്മിച്ച കെട്ടിടങ്ങള്‍,വിനോദസഞ്ചാരികള്‍ക്കായുള്ള ഇരിപ്പടങ്ങള്‍,തൊട്ടിലുകള്‍ എല്ലാം ഉപയോഗശൂന്യമായി. ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് ദിനംപ്രതി തോട്ടപ്പള്ളി കടപ്പുറത്ത് എത്തുന്നത്.ദേശിയപാതയും,കടലും ഏറ്റവും അടുത്തുസ്ഥിതി ചെയ്യുന്ന കേരളത്തിലെ തന്നെ പ്രധാന സ്ഥലമാണ് തോട്ടപ്പള്ളി. എന്നാല്‍ ഇത് മുന്നില്‍ കണ്ട് വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ടൂറിസംവകുപ്പ് തയ്യറാകാഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.
















