കണ്ണൂര്‍: വീട്ടില്‍ കയറി ആറ് പേരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരാളെ പോലും പിടികൂടാന്‍ കഴിയാത്ത പോലീസ് നടപടി ലജ്ജാകരമാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പ്രസ്താവിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 5ന് എടക്കാട് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. എടക്കാട് ഒകെയുപി സ്‌കൂളിന് സമീപം നടന്ന അക്രമ സംഭവത്തിലെ പ്രതികള്‍ പ്രദേശത്ത് വിലസുകയാണ്. കൊലവിളിയും തുടരുന്നു. സിപിഎമ്മുകാരായ ക്രിമിനലുകളെ സംരക്ഷിക്കുന്ന നടപടിയാണ് പോലീസ് ചെയ്യുന്നത്.
അതുപോലെ തന്നെ ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡണ്ട് കെ.സുശീലിന് നേരെ നടന്ന വധശ്രമക്കേസിലെ പ്രതികളെ ഒരു മാസമായിട്ടും അറസ്റ്റ്‌ചെയ്തില്ല. പോലീസ് സിപിഎമ്മിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും വിനോദ് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. എടക്കാട് നടക്കുന്ന പ്രതിഷേധ കൂട്ടായ്‌മയില്‍ ആര്‍എസ്എസ് ബിജെപി നേതാക്കളായ അഡ്വ.ജയപ്രകാശ്, അഡ്വ.എ.വി.കേശവന്‍, കെ.കെ.വിനോദ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
















