തുറവൂര്‍: കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തിയ പട്ടണക്കാട് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാകുന്നു. ബാങ്കില്‍ നടന്ന കോടികളുടെ അഴിമതി ഇപ്പോള്‍ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
നിയമം അനുസരിച്ച് പത്തുലക്ഷം വരേയുള്ള ക്രമക്കേടുകള്‍ മാത്രമേ ക്രൈംബ്രാഞ്ചിന്റെ പരിധിയില്‍ വരുകയുള്ളു. ഇതില്‍ കൂടുതലുള്ള അഴിമതികള്‍ വിജിലന്‍സോ മറ്റു ഏജന്‍സികളോ ആണ് അന്വഷിക്കേണ്ടത്. നിലവില്‍ പത്തു ലക്ഷത്തിന്റെ ക്രമക്കേടുകള്‍ മാത്രം എടുത്ത് അന്വഷണം ക്രൈംബ്രാഞ്ചില്‍ ഒതുക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.
ബാങ്കില്‍ നടന്ന അഴിമതി സംബന്ധിച്ച അന്വഷണം വിജിലന്‍സിനു വിടുകയാണെങ്കില്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുടുങ്ങുമെന്നും. ഇത് മുന്നില്‍ കണ്ടാണ് രാഷ്‌ട്രീയ സ്വാധീനത്തില്‍ കേസന്വഷണം അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. അഴിമതി കണ്ടെത്തിയ മറ്റു സഹകരണ ബാങ്കുകളിലെ ബോര്‍ഡുകള്‍ പിരിച്ചുവിട്ടപ്പോള്‍ കോടികളുടെ അഴിമതി നടന്ന പട്ടണക്കാട് സഹകരണ ബാങ്ക് ഭരണസമിതിയെ പിരിച്ചു വിടാത്തതിനെതിരേ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സഹകരണ ബാങ്കില്‍ നിന്നും ലോണുകളും മറ്റും അനുവദിക്കുന്നത് പ്രസിഡന്റുള്‍പ്പെടെയുള്ള ബോര്‍ഡംഗങ്ങള്‍ ചേര്‍ന്നാണ് എന്നിരിക്കേ പ്രസിഡന്റിനെ മാത്രം മാറ്റി നിലവിലെ ബോര്‍ഡ് തുടരുന്നത് അന്വേഷണം അട്ടിമറിക്കാന്‍ വേണ്ടിയാണെന്നും അരോപണമുണ്ട്. നിലവിലെ ബോര്‍ഡ് അംഗങ്ങളുടേയും ബാങ്കിലെ ഉദ്യോഗസ്ഥരുടേയും അനധികൃത സ്വത്തുക്കളെ കുറിച്ചും ബാങ്കില്‍ നടന്ന അഴിമതിയില്‍ ഇവര്‍ക്കുള്ള പങ്കും അന്വേഷണ വിധയമാക്കണമെന്ന ആവശ്യവും ശക്തമാണ്.
















