തുറവൂര്‍: നൂറുക്കണക്കിന് മത്‌സ്യത്തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയ പട്ടണക്കാട് പഞ്ചായത്തിലെ അന്ധകാരനഴി തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ വര്‍ഷത്തെ കടല്‍കയറ്റം മൂലം അടിഞ്ഞ മണല്‍ ഭാഗികമായി നീക്കം ചെയതുവെങ്കിലും അഴി പൂര്‍ണ്ണമായും തുറക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമായി. അഴിയുടെ ഭാഗത്തെ എഴുപത് ശതമാനമുള്ള മണ്ണ് മാത്രമെ നീക്കം ചെയ്തിട്ടുള്ളു. ബാക്കി ഭാഗം കൂടി മാറ്റിയാല്‍ മാത്രമേ അഴിതുറക്കാന്‍ കഴിയുകയുള്ളു.അഴി അടഞ്ഞുകിടക്കുന്നതുമൂലം അന്ധകാരനഴി മുതല്‍ ചെല്ലാനം വരെയുള്ള ആയിരക്കണക്കിനു ഏക്കര്‍ വരുന്ന മത്സ്യകൃഷിയുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിച്ചിരിക്കുന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കാലവര്‍ഷത്തില്‍ അന്ധകാരനഴിയില്‍ നീരൊഴുക്ക് സുഗമമാകുമ്പോള്‍ മാത്രമാണ് മല്‍സ്യകൃഷിയും നെല്‍കൃഷിയും സജീവമായി നടത്തുവാന്‍ കഴിയുന്നത്.ജൂണ്‍, ജൂലൈ മാസങ്ങളിലെ വേലിയേറ്റ സമയങ്ങളില്‍ ചെറുതും വലതുമായ മത്സ്യങ്ങളാണ് കായലില്‍ എത്തുന്നത്. എന്നാല്‍ അഴി നേരത്തെഅടഞ്ഞതോടെ അന്ധകാരനഴി മുതല്‍ ചെല്ലാനം വരെയുള്ള നൂറുക്കണക്കിന് കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്.
















