തുറവൂര്‍: ജപ്പാന്‍ കുടിവെള്ള പദ്ധതി വൈകുന്നതുമൂലം തീരപ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമായി. ജപ്പാന്‍ കുടിവെള്ളം ലഭിക്കുന്ന സ്ഥലങ്ങളില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും പലപ്പോഴും ശുദ്ധജലത്തിനായി ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്നു. പള്ളിത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപവും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നുണ്ട്. ഇവിടെ പൈപ്പുകള്‍ പലതും മലിനജലത്തില്‍ മുങ്ങിക്കിടക്കുകയാണ്. പമ്പിങ് സമയങ്ങളില്‍ പലരും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വലിക്കുന്നതിനാല്‍ പലപ്പോഴും ഉള്‍പ്രദേശങ്ങളില്‍ ശുദ്ധജലം കിട്ടുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പദ്ധതി വഴി ചെല്ലാനത്ത് ലഭിക്കുന്ന കുടിവെള്ളത്തിന്റെയും അവസ്ഥ ഇതു തന്നെയാണ്. പദ്ധതി പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ പ്രദേശങ്ങളില്‍ ശുദ്ധജല പൈപ്പിലൂടെ വെള്ളം ലഭിക്കുന്നില്ല.
പമ്പിങ് സമയങ്ങളില്‍ വരുന്ന വെള്ളം ഉപ്പ് രസം കലര്‍ന്നതാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. പഴകി ദ്രവിച്ച പൈപ്പുകളുടെ പൊട്ടലുകളാണ് ഇത്തരത്തില്‍ വെള്ളം മോശമാകാന്‍ കാരണമെന്ന് പറയുന്നു. ഇവിടെ പ്രധാന റോഡിലും മറ്റ് ഉള്‍പ്രദേശങ്ങളിലും ലിറ്ററുക്കണക്കിന് ശുദ്ധജലമാണ് പമ്പിങ് സമയത്ത് നഷ്ടപ്പെടുന്നത് വര്‍ഷങ്ങളായി ടാങ്കര്‍ലോറി വെള്ളത്തെയാണ് തീരപ്രദേശത്തുകാര്‍ ആശ്രയിക്കുന്നത്. ജനറം ജപ്പാന്‍ കുടിവെള്ളം പുതിയ പൈപ്പ് ലൈനിലൂടെ ലഭിക്കുന്നതിന് സംവിധാനമൊരുക്കണമെന്നാണ് തീരദേശത്തുകാരുടെ ആവശ്യം.
















