തൊടുപുഴ: നഗരത്തില്‍ നിന്നും കളഞ്ഞ് കിട്ടിയ സ്വര്‍ണ്ണമാല തിരികെ നല്കിയ സ്വകാര്യ ബാങ്ക് മാനേജറുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റിന്റെ പൊന്‍തിളക്കം. തൊടുപുഴ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ മാനേജറും കോട്ടയം ചേന്നാട് സ്വദേശിയുമായ ജിതിനാണ് നാട്ടുകാര്‍ക്ക് മാതൃകയായത്.
മുള്ളരിങ്ങാട് സ്വദേശി സെമിത്തിന്റെ 4.5 പവന് തൂക്കം വരുന്ന മാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകിട്ടോടെയാണ് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തെ പുളിമൂട്ടില്‍ പ്ലാസയുടെ മുന്നില്‍ നിന്നും സ്വര്‍ണ്ണമാല ജിതിന് ലഭിക്കുന്നത്. ഉടന്‍തന്നെ ഇത് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇതേസമയം സെമിത്ത് മാല നഷ്ടപ്പെട്ട പരാതി നല്‍കാനായി സ്റ്റേഷനിലെത്തുകയായിരുന്നു. എറണാകുളത്ത് വ്യാപാരിയായ ഇയാള്‍ ഏറെ നേരം മാല അന്വേഷിച്ച ശേഷമാണ് സ്റ്റേഷനിലെത്തുന്നത്. തുടര്‍ന്ന് ജിതിനെ വിളിച്ച് വരുത്തി തൊടുപുഴ പ്രിന്‍സിപ്പല്‍ എസ്ഐ ജോബിന് ആന്റണിയുടെ സാന്നിദ്ധ്യത്തില്‍ മാല കൈമാറുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം ജിതിന്റെ നല്ല മനസിനെ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: