മയ്യഴി: ജനവാസകേന്ദ്രങ്ങളില്‍ മദ്യവില്പനകേന്ദ്ര ങ്ങള്‍ സ്ഥാപിക്കുന്നതിനെ തിരെ സിപിഎം നടത്തുന്ന സമരം ജനവഞ്ചനയും കാപട്യവുമാണെന്നു ബിജെപി മാഹി മേഖല കമ്മറ്റി ആരോപിച്ചു. സിപിഎം ഇരട്ടത്താപ്പ് നിലപാട് അവസാനിപ്പിക്കണം. മാഹി ഐ.കെ. കുമാരന്‍ മാസ്റ്റര്‍ റോഡിലെ രണ്ട് മുറിപ്പീടിക മദ്യവ്യാപാരിക്ക് വന്‍തുകയ്‌ക്ക് വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട് ലോക്കല്‍ സെക്രട്ടറിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് ഉത്തരവാദപ്പെട്ടവര്‍ മറുപടി നല്‍കണം.
കെട്ടിടം വില്‍പന നടത്തിയതും പണം വാങ്ങിയതുമെല്ലാം ലോക്കല്‍ സെക്രട്ടറി നേരിട്ട് തന്നെയാണെന്ന ആരോപണത്തിന് ബന്ധപ്പെട്ടവര്‍ വിശദീകരണം നല്‍കണം. മദ്യശാല സ്ഥാപിക്കാന്‍ കെട്ടിടവില്‍പ്പനയ്‌ക്ക് നേതൃത്വം നല്‍കുകയും അതേ സ്ഥലത്ത് മദ്യശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് സമരം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ തട്ടിപ്പും വഞ്ചനയും ജനങ്ങള്‍ തിരിച്ചറിയണമെന്നും ബിജെപി ചൂണ്ടിക്കാട്ടി.
സുപ്രീം കോടതിവിധി അനുസരിച്ച് പാതയോരത്തെ മദ്യശാലകള്‍ നീക്കാനുള്ള ദിവസങ്ങള്‍ അടുത്തിട്ടും അധികൃതര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം മദ്യമുതലാളിമാര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും യോഗം ആരോപിച്ചു. പ്രസിഡണ്ട് സത്യന്‍ കുനിയില്‍ അധ്യക്ഷത വഹിച്ചു. കാട്ടില്‍ ശശിധരന്‍, കെ.പി. മനോജ്, പി.ടി.ദേവ രാജന്‍, കരീക്കുന്നുമ്മല്‍ സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
















