തലശ്ശേരി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുട്ടിയെ മയക്കുപൊടി വിതറി തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി തലശ്ശേരി പോലീസില്‍ ഏല്‍പ്പിച്ചു. ബംഗുളുരുവിനടുത്ത ഇലഹംങ്കയിലെ യാമക്കയാണ്(58) പിടിയിലായത്. നഗരമധ്യത്തിലെ കായ്യത്ത് റോഡിലുള്ള സീനത്ത് മന്‍സിലിന്റെ മുറ്റത്ത് നിന്നാണ് ഈ വീട്ടിലെ ഒരു വയസുള്ള യാസിനെ യാമക്ക് ബലമായി കയ്യില്‍ പിടിച്ച് കൂട്ടുക്കൊണ്ടുപോവാന്‍ ശ്രമിച്ചത്. സമീപത്ത് കളിച്ചുകൊണ്ടിരുന്ന ജ്യേഷ്ഠന്‍ യൂനുസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്ത്രീയുടെ ശ്രമം പാളിയത്. ഏഴാം ക്ലാസുകാരനായ യൂനുസ് ബഹളം വെച്ചു. ഉടന്‍തന്നെ ഓടിയെത്തിയ വീട്ടുകാരും പരിസരത്തുള്ളവരും ചേര്‍ന്ന് സ്ത്രീയെ തടഞ്ഞുവെച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കന്നടഭാഷയില്‍ മാത്രം പ്രതികരിച്ച സ്ത്രീയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ല. ദേഹപരിശോധനയില്‍ ഏതാണ്ട് രണ്ടായിരത്തോളം രൂപയുടെ അന്‍പത്, നൂറ്, പത്ത് നോട്ടുകളും ചില്ലറ നാണയങ്ങളും പുകയിലയും ചുണ്ണാമ്പ് കെട്ടും വനിത പോലീസ് കണ്ടെടുത്തു. സീനത്ത് മന്‍സിലിലെ ഇംതിഹാസ്-അഫീത്ത ദമ്പതികളുടെ മകനാണ് യാസിന്‍.
















