കൈപ്പുഴ: വന്യജീവിയായ മ്ലാവിനെ കോട്ടയം ജില്ലില്‍ നീണ്ടൂര്‍ പഞ്ചായത്തിലെ കൈപ്പുഴയില്‍ നിന്ന് പിടികൂടി. ഇന്നലെ പുലര്‍ച്ചയോടെയാണ് കൈപ്പുഴ കുട്ടോമ്പുറം മേഖലയില്‍ നാട്ടുകാര്‍ മ്ലാവിനെ കണ്ടത്. പുലര്‍ച്ചെ അസാധാരണമായ പട്ടികുരകേട്ട് എണീറ്റ കെഎസ്ഇബി ജീവനക്കാരനായ രാജുവാണ് തന്റെ വീടിന്റെ സമീപം പതുങ്ങി നിന്ന മ്ലാവിനെ ആദ്യം കണ്ടത്.
വീട്ടുകാരെ കണ്ടതോടെ കുതിച്ചുചാടി അംബേദ്കര്‍ കോളനി ഭാഗത്തേക്കോടിയ മ്ലാവിന് പിന്നാലെ ആളുകള്‍ കൂട്ടത്തോടെ എത്തിയതോടെ മാക്കോത്തറ പാടശേഖരത്തിലേക്ക് ഇറങ്ങി കൈപ്പുഴ പളളിത്താഴെ ഷാപ്പിന് സമീപമെത്തി. അവിടെ നിന്നും വീണ്ടും കുതിച്ചോടി ഇല്ലിച്ചോട് തേനാകര ഭാഗത്ത് എത്തി ,മാന്തുരുത്തില്‍ കുടുംബത്തിന്റെ പുരയിടത്തിന് സമീപം വാഴക്കിടയില്‍ പതുങ്ങി നിന്നു, ഇതേസമയം ഇവിടെയെത്തിയ ശ്രീജിത്ത് ഒറ്റക്കണ്ടത്തില്‍,അജീഷ് അംബേദ്കര്‍ കോളനി ,കുഞ്ഞുമോന്‍ കണ്ണങ്കരി,ഷിബു ഹരിജന്‍കോളനി,ജോസ് എന്നിവരാണ് മ്ലാവിനെ കണ്ടത്.
ഇവരെ കണ്ടതോടെ ചാണക്ക് മുകളിലൂടെ 12 അടിയോളം കുതിച്ച് ചാടി കാവില്‍ പുരയിടത്തിന് സമീപമുളള ചെറിയ കണ്ടത്തില്‍ ഇറങ്ങി.ഏറെ താഴ്ചയുളള ഈ ഭാഗത്ത് നിന്ന് നീങ്ങുവാന്‍ ബുദ്ധിമുട്ടിയ മ്ലാവിനെ അഞ്ചംഗസംഘത്തിന്റെ ധീരതയാണ് കുടുക്കിയത്.
ചെറിയ കൂര്‍ത്ത കൊമ്പുളള ജീവിയുടെ ആക്രമണ സാദ്ധ്യത മുന്നില്‍ കണ്ട് ഇവര്‍ അയല്‍വാസി നല്‍കിയ കയറുപയോഗിച്ച് കുരുക്കെറിഞ്ഞ് കുടുക്കുകയായിരുന്നു. തുടര്‍ന്ന് മ്ലാവിനെ അപകട രഹിതമായ സ്ഥലത്തെത്തിച്ച ശേഷം കരയില്‍ ഇരുവശങ്ങളിലായി കയര്‍ ബന്ധിച്ചു. വിവരമറിഞ്ഞ് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എച്ച് അനീസ്,കെ അരുണ്‍ ആനന്ദ്, ജോസഫ്, വിപിന്‍ ചന്ദ്രന്‍, പി കെ ബിജു എന്നിവര്‍ ചേര്‍ന്ന്് മ്ലാവിനെ സുരക്ഷിതമായി കെട്ടി. എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ നിന്ന് എത്തിയ ഡെപ്യട്ടി റെയിഞ്ച് ഓഫീസര്‍ കെ വി രതീഷിന്റെ നേതൃത്വത്തിലുളള സംഘം മ്ലാവിനെ ഏറ്റെടുത്തു.
മ്ലാവിനെ റെസ്‌ക്യൂ സെന്റെറില്‍ എത്തിക്കും. തുടര്‍ന്ന് വിശദമായ പരിശോധനക്കും പരിചരമണത്തിനും ശേഷം കാട്ടിലേക്ക് തുറന്ന് വിടും.വന്യജീവിയായ മ്ലാവ് കാട്ടില്‍ നിന്നും വളരെ അകലെയുളള പുഞ്ചപ്രദേശമായ കൈപ്പുഴയില്‍ എങ്ങനെ എത്തി എന്നതിനേക്കുറിച്ച് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
















