ഇരിട്ടി: ഇരിട്ടിയില്‍ കൊലചെയ്യപ്പെട്ട കര്‍ണ്ണാടക സ്വദേശിനി ശോഭയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത് രണ്ട് കൊലപാതകങ്ങളടക്കം മൂന്ന് കുറ്റകൃത്യങ്ങള്‍. കൊല്ലപ്പെട്ട ശോഭയുടെ മക്കളായ ആര്യന്‍(6), അമൃത(4) എന്നിവരെ മുംബൈയില്‍ കണ്ടെത്തുകയും തുടര്‍ന്ന് മുംബൈ ശിശുക്ഷേമ സമിതിയില്‍ നിന്നും പ്രൊബേഷന്‍ എസ്‌ഐ അന്‍ഷാദിന്റെ നേതൃത്വത്തില്‍ പോലീസും കുട്ടികളുടെ ബന്ധുക്കളും ഏറ്റുവാങ്ങി നാട്ടില്‍ എത്തിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഡിവൈഎസ്പി. ബോംബെ പോലുള്ള ഒരു മഹാനഗരത്തില്‍ എത്തിപ്പെട്ട ഇതുപോലുള്ള പിഞ്ചു കുഞ്ഞുങ്ങളെ കണ്ടെത്തുക എന്നത് ദുഷ്‌കരമായ ഒരു പ്രവര്‍ത്തിയായിരുന്നു. ഇത് കേരളാ പോലീസിന്റെ ആദ്യത്തേതെന്ന് പറയാവുന്ന ഒരു അപൂര്‍വമായ നേട്ടമായി കണക്കാക്കാം. കുട്ടികളെ തല്‍ക്കാലം കുറച്ചു ദിവസത്തേക്ക് ഇവരുടെ ബന്ധുക്കള്‍ക്കൊപ്പം വിടും. ഗവര്‍മെന്റിന്റെ സംരക്ഷണയില്‍ത്തന്നെ കുട്ടികളെ നിര്‍ത്താനുള്ള സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നതായി ഡിവൈഎസ്പി പറഞ്ഞു.
അതേസമയം കേസിനെ ബലപ്പെടുത്തുന്ന രീതിയിലുള്ള ചില മൊഴികള്‍ കുട്ടികളില്‍ നിന്നും കിട്ടിയതായി പോലീസ് പറഞ്ഞു. എത്രയും പെട്ടെന്ന് കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് കുറ്റവാളിക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കുമെന്നും അവര്‍ പറഞ്ഞു. കുട്ടികളെ വൈകുന്നേരത്തോടെ കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി. കുട്ടികളെ വിട്ടുകിട്ടുന്നതിനായി മതിയായ രേഖകളുമായി ചൈല്‍ഡ് ലൈനിന് മുമ്പാകെ ഹാജരാകാന്‍ അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ തളിപ്പറമ്പിലെ ബാലസദനത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ഇവരുടെ ബന്ധുക്കളായ കൊല്ലപ്പെട്ട ശോഭയുടെ മൂത്ത സഹോദരി കാവ്യയും ഭര്‍ത്താവ് മഞ്ജുനാഥും പോലീസ് സംഘത്തോടൊപ്പം മുംബൈയിലേക്ക് കുട്ടികളെ ഏറ്റുവാങ്ങാനായി പോയിരുന്നു. ഇപ്പോള്‍ തന്നെ മുപ്പത്തി അഞ്ചോളം പേര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കാമെന്നേറ്റു മുന്നോട്ടു വന്നിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇരിട്ടിയില്‍ വെച്ച് ശോഭയെ കഴുത്തുഞെരിച്ചു കൊന്നു കിണറ്റില്‍ തള്ളി. ഇതിന് ഒരു വര്‍ഷം മുന്‍പ് ശോഭയുടെ ഭര്‍ത്താവായ രാജുവിനെ കര്‍ണ്ണാടക വനത്തില്‍ വെച്ച് ശോഭയോടൊപ്പം കൊലപ്പെടുത്തി ജഡം കത്തിച്ചു കളയുകയും ചെയ്ത ശോഭയുടെ രണ്ടാം ഭര്‍ത്താവ് മഞ്ചുനാഥ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാള്‍ തന്നെയാണ് ശോഭയെ കൊലപ്പെടുത്തിയശേഷം ജനുവരി 15 കുട്ടികളെയും കൂട്ടി ബംഗളൂരുവിലേക്ക് പോയതും ഇവിടെ നിന്ന് കുട്ടികളെ തീവണ്ടിയില്‍ മുംബൈയിലേക്ക് കയറ്റി വിട്ടതും. ഇരിട്ടിയില്‍ എസ്‌ഐ ട്രെനിയായി എത്തിയ എസ്.അന്‍ഷാദിന്റെ അന്വേഷണ മികവാണ് കേസ് ഈ നിലയിലെത്തിക്കുന്നതിന് സഹായിച്ചത്. ഇരിട്ടി ഡി വൈ എസ്പി പ്രജീഷ് തോട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥനായ പേരാവൂര്‍ സിഐ സുനില്‍ കുമാറും ഇവര്‍ക്ക് വേണ്ട പൂര്‍ണ്ണ സഹകരണം നല്‍കി. ഒപ്പം എഎസ്‌ഐ കെ.കെ.ശശി, സിപിഒ അനീഷ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. മുംബൈയില്‍ നിന്നും സംശയത്തിന്റെ അടിസ്ഥാനത്തില്‍ വിവരം കൈമാറിയ മുംബൈ സ്‌റ്റേഷനിലെ പോലീസ് ഓഫീസര്‍ സുനിത താക്കറെ, മുംബൈയില്‍ കുട്ടികളെ തിരിച്ചറിഞ്ഞ കാലടി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഓഫീസര്‍ ഡി.ബി.ബിനു എന്നിവരും സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് കേസന്വേഷണത്തിന് വേണ്ടി നടത്തിയത്.
















