പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിയമം ലംഘിച്ചിട്ടാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ കര്‍ശനമായും ആവശ്യമായ നടപടികളെടുക്കുന്നതിന് മലീനീകരണ നിയന്ത്രണ ബോര്‍ഡും സര്‍ക്കാറും തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍. രാമന്തളിയില്‍ നാവിക അക്കാദമി മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യസംരക്ഷണസമിതി നടത്തുന്ന അനിശ്ചിതകാല സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരക്കാരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും സര്‍ക്കാറും വെറുതെ കത്തയച്ചാല്‍ പോരാ, കര്‍ശനമായ നിര്‍ദ്ദേശം കൊടുക്കുവാന്‍ തയ്യാറാകണം. നേവല്‍ അധികൃതര്‍ പറയുന്നത് മാലിന്യപ്രശ്‌നത്തിന്റെ ഉത്തരവാദികള്‍ തങ്ങളല്ല എന്നാണ്. ഉത്തരവാദിത്വത്തെ സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന നടത്തി ഇന്നാട്ടിലെ ജനങ്ങളെ ബോധ്യപെടുത്തുവാനുള്ള ഉത്തരവാദിത്വം സര്‍ക്കാറിനുണ്ട്. രാമന്തളിയിലെ മാലിന്യപ്രശ്‌നം ഗുരുതരമായ പ്രശ്‌നമാണ്. ഇതിന്റെ ഉത്തരവാദി ആരായിരുന്നാലും അതിന് പരിഹാരമുണ്ടാക്കേണ്ടതുണ്ട്. അത് വൈകാതെ തന്നെ നടപ്പിലാക്കാനും ശ്രമിക്കണം.
ഏഴിമല നാവിക അക്കാദമി ലോക ശ്രദ്ധയാകര്‍ഷിച്ച സ്ഥാപനമാണ്. അത് ഇവിടെ വേണം എന്നാഗ്രച്ച് പലതും ത്യജിച്ചവരാണ് രാമന്തളി ജനത. എന്നാല്‍ ആ സ്ഥാപനം ഇന്നാട്ടിലെ ജനങ്ങളുടെ കുടിവെള്ളം നിഷേധിക്കുന്നത് ന്യായികരിക്കുവാന്‍ സാധിക്കില്ല. കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ക്ക് മുന്നില്‍ ഈ വിഷയം അവതരിപ്പിക്കുന്നതിന് സമരസമിതിക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുവാന്‍ തയ്യാറാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. കെ.രഞ്ചിത്ത്, സി.കെ.രമേശന്‍ മാസ്റ്റര്‍, ടി.രാമകൃഷ്ണന്‍, പനയ്‌ക്കല്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
















