പയ്യന്നൂര്‍: ജലശ്രോതസ്സുകള്‍ മിച്ചഭൂമിയായി അളന്ന് കൊടുത്തത് പുനപ്പരിശ്ശോധിക്കണമെന്ന് മലബാര്‍ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. കാങ്കോല്‍ വില്ലേജിലെ കോറോം കനിത്തടം പാറപരപ്പ് പൂര്‍ണമായും മിച്ചഭൂമിയായി പതിച്ചു കൊടുത്തപ്പോഴാണ് പ്രദേശത്തെ ഏക പ്രകൃതിദത്ത ജല ശ്രോതസ്സായ പാറക്കുളങ്ങളും അളന്ന് കൊടുത്തത്.
കോറോം എന്‍ജിനിയറിങ്ങ് കോളേജിനു മുന്നിലുള്ള രണ്ടു സ്വാഭാവിക പാറക്കുളങ്ങളും അളന്ന് കൊടുത്തത് പുന:പരിശോധിക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ളത്. കൊടുംവേനലില്‍ പക്ഷികള്‍ക്കും ചെറു സസ്തനികള്‍ക്കും കുടിവെള്ളത്തിനായ് ഏക ആശ്രയം വിശാലമായ ഈ പാറപ്പരപ്പിലെ പാറക്കുളമാണ്. മനുഷ്യരും കന്നുകാലികളും വേനലിലും വറ്റാത്ത ഈ കുളത്തെയായാണ് ആശ്രയിക്കുന്നത്. കൃഷ്ണപ്പരുന്ത്, ചക്കിപ്പരുന്ത്, മീന്‍ പരുന്ത്, മാര്‍ ഷിഹരിയര്‍, തേന്‍ കൊതിച്ചിപരുത്ത്, ഫ്‌ലോവറുകള്‍, ആളകള്‍, തിത്തിരി തുടങ്ങി 78 തരം പക്ഷികളെ ഇവിടെ സര്‍വ്വേ ചെയ്യപ്പെട്ടിട്ടുണ്ട്.
2000 ത്തില്‍ ഇവിടെയുള്ള ജൈവ വൈവിധ്യമാര്‍ന്ന പാറപ്രദേശം മുഴുവന്‍ അര ഏക്കര്‍ വീതം 194 ആളുകള്‍ക്ക് അന്നത്തെ സര്‍ക്കാര്‍ മിച്ചഭൂമിയായി കൊടുത്തപ്പോഴാണ് സര്‍വ്വേ നമ്പര്‍ 256 ല്‍ പെടുന്ന പാറക്കുളവും അളന്നു കൊടുത്തത്. അനര്‍ഹരായ ഒട്ടേറെ പേര്‍ക്കും ഭുമി ലഭിച്ചതായി പരാതിയുണ്ട്. കാക്കപ്പൂവ്, കണ്ണാന്തളി, ചൂത്, വംശനാശം നേരിടുന്ന നൈതാമ്പല്‍ തുടങ്ങി 200ല്‍ പരം പൂക്കളുള്ള ഈ പാറപ്രദേശവും കാനായി കാനവും അടങ്ങുന്ന ഇവിടം ഒരു ലാറ്ററേറ്റ് സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്ന അവസരത്തിലാണ് ഭൂമി പതിച്ചു കൊടുക്കുന്നത് എന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ ഭാസ്‌കരന്‍ വെള്ളൂര്‍ പറഞ്ഞു. ചെങ്കല്‍ ആവാസവ്യവസ്ഥ പഠിക്കാനും കാനം ആസ്വദിക്കാനും വര്‍ഷംതോറും ഇവിടെ എത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കാണ് വടക്കന്‍ കേരളത്തിലെ തന്നെ ഏറ്റവും വലുതും പയ്യന്നൂര്‍ നഗരസഭയുടെ ഏകവുമായ ചെങ്കല്‍ പരപ്പ് നഷ്ടമാവുക.
















