ചെറുപുഴ: കാക്കയംചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടിയുടെ കൊലപാതകം നടന്നിട്ട് 5 വര്‍ഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങും എത്തിയില്ല. 2012 മാര്‍ച്ച് 5ന് രാവിലെ വീട്ടിലെത്തിയ മകനാണ് മറിയക്കുട്ടി കിടപ്പ് മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ന്ന് പെരിങ്ങോം പൊലീസ്, പയ്യന്നൂര്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ ക്രൈംബ്രാഞ്ച് സിഐയുടെ നേതൃത്വത്തില്‍ അന്വേഷണമേറ്റെടുത്തു. ഈ സംഘത്തിന്റെ പരിശോധനയിലും പുരോഗതിയില്ലാതായതോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉള്ള പുതിയ സംഘം ഏറ്റെടുത്തു. പന്ത്രണ്ട് ഡിവൈഎസ്പിമാര്‍ ഈ സംഘത്തില്‍ മാറിമാറി വന്നെങ്കിലും പ്രതിയേക്കുറിച്ചുള്ള സൂചന പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കേരളത്തിനകത്തും പുറത്തും സംഘം അന്വേഷണം നടത്തിയെങ്കിലും കേസിന് തുമ്പുണ്ടാക്കാനായില്ല. ടിപി കേസ് അന്വേഷണ ഉദേ്യാഗസ്ഥനായിരുന്ന കെ.വി.സന്തോഷ് ഉള്‍പ്പെടെയുള്ള സമര്‍ത്ഥരായ ഉദേ്യാഗസ്ഥര്‍ കേസ് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താന്‍ ആകാത്തത് ക്രൈംബ്രാഞ്ചിന് തന്നെ നാണക്കെടുണ്ടാക്കുന്നതാണ്. ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഉല്ലാസിനെ തിരൂരേക്ക് സ്ഥലം മാറ്റുകയും പകരം തിരൂര്‍ ഡിവൈഎസ്പി ബാബുവിന് അന്വേഷണ ചുമതല കൈമാറിയിരിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം മാറുന്നതിനാലാണ് കേസന്വേഷണത്തില്‍ പുരോഗതിയുണ്ടാകാത്തതെന്ന ആരോപണം ശക്തമാണ്. പുതുതായി എത്തുന്ന ഉേദ്യാഗസ്ഥര്‍ കേസ് ഫയലുകള്‍ പഠിച്ചു വരുമ്പോള്‍ ഇവരെ മാറ്റുന്നതിന് പിന്നില്‍ സര്‍ക്കാരിലെ ഉന്നതരുടെ ഇടപെടലുണ്ടെന്നുള്ള അക്ഷേപവും ഉയരുന്നു. യുഡിഎഫ് ഭരണം മാറി എല്‍ഡിഎഫ് ഭരണം വന്നിട്ടും ഉേദ്യാഗസ്ഥ മാറ്റത്തില്‍ മാത്രം യാതൊരു വ്യത്യാസവും ഇല്ല.
















