കണ്ണൂര്‍: കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരുടെ സ്വഭാവ സവിശേഷതകള്‍, മാനസിക നില തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുക ജയില്‍ ഉദ്യോഗസ്ഥര്‍ക്കാണെന്ന് കുടുംബ കോടതി ജില്ലാ ജഡ്ജി കൃഷ്ണകുമാര്‍.എന്‍.ആര്‍ അഭിപ്രായപ്പെട്ടു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്ഷനല്‍ അഡ്മിനിസ്‌ട്രേഷന്‍ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തുന്ന റീ ഓറിയന്റേഷന്‍ കോഴ്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരക്കുകാരണം കോടതികള്‍ക്ക് പലപ്പോഴും കുറ്റവാളികളുടെ മാനസികവും സ്വഭാവ പരവുമായ പ്രശ്‌നങ്ങള്‍ തിരിച്ചറിയുക എളുപ്പമല്ല. പോലീസ്-ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ കോടതികളെ ഏറെ സഹായിക്കാന്‍ പറ്റും. കുറ്റവാളികളോട് അടുത്തിടപഴകിയും സൂക്ഷ്മമായി നിരീക്ഷിച്ചും അവരെ കുറ്റകൃത്യത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തി ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വലിയ സഹായം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മദ്യപാനം, സ്വഭാവ വൈകല്യങ്ങള്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം ഇവയൊക്കെയാണ് പലപ്പോഴും ആളുകളെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി ആവശ്യമായ തിരുത്തല്‍ പ്രവര്‍ത്തനങ്ങളാണ് അവര്‍ക്ക് നല്‍കേണ്ടത്. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുമായി സഹകരിച്ച് തടവുകാര്‍ക്ക് വേണ്ട നിയമസഹായത്തിന് വഴിയൊരുക്കണമെന്നും ജില്ലാ ജഡ്ജി പറഞ്ഞു.
ഉത്തരമേഖലാ ജയില്‍ ഡിഐജി ശിവദാസ് കെ.തൈപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖലാ ജയില്‍ ഡിഐജി ബി.പ്രദീപ്, റീജ്യണല്‍ വെല്‍ഫെയര്‍ ഓഫീസര്‍ വി.പി.സുനില്‍ കുമാര്‍, അസിസ്റ്റന്റ് സൂപ്രണ്ട് ടി.കെ.ജനാര്‍ദ്ദനന്‍, കണ്ണൂര്‍ വനിതാജയില്‍ സൂപ്രണ്ട് കെ.ശകുന്തള, കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്ജയില്‍ സൂപ്രണ്ട് എം.വി.രവീന്ദ്രന്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ ഒ.കെ.രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
















