കാലടി: കാലടി ശ്രീകാഞ്ചി ശങ്കരാ പബ്ലിക്ക് സ്‌ക്കൂളിന് സമീപം ആഡംബര കാറില്‍ സഞ്ചരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചേലാമറ്റം ഒക്കല്‍ തെനാലിക്കുടി സുലൈമാന്റെ മകന്‍ ഷിഹാബ്(32), ചേലാമറ്റം കുപ്പിയാന്‍ ഷെഫീക്ക്(36) എന്നിവരാണ് അറസ്റ്റിലായത്. കാറില്‍നിന്ന് 300 പാക്കറ്റ് ഹാന്‍സും 95,220 രൂപയും പിടിച്ചെടുത്തു.
കാലടി പ്രൈവറ്റ് ബസ് സ്റ്റാന്റിഡില്‍ കാറില്‍ രഹസ്യമായി ലഹരി വസ്തുക്കള്‍ വില്പന നടത്തവെയാണ് പ്രതികളെ പിടികൂടിയത്. ഫോണില്‍ ബന്ധപ്പെട്ട് മൊത്ത വില്‍പന നടത്തുകയും ബസ് സ്റ്റാന്‍ഡ്, സ്‌കൂള്‍ കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ചില്ലറ വില്‍പന നടത്തുകയുമാണ് പതിവ്. പ്രതികള്‍ക്കെതിരെ മുമ്പും ലഹരി വസ്തുക്കള്‍ വില്പന നടത്തിയതിന് കേസുണ്ട്.
ആന്റി നാര്‍ക്കോട്ടിക് ക്ലബിന്റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കാലടി പ്രിന്‍സിപ്പല്‍ എസ്‌ഐ അനൂപ് എന്‍.എ, അസിസ്റ്റന്റ് എസ്‌ഐ സതീഷ് കുമാര്‍, സിപിഒ സജിത്കുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സിപിഒ ശിവപ്രസാദ്, ബിനു, മനോജ് എന്നിവരുടെ നേതൃത്ത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളെ കാലടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
















