മാവേലിക്കര: പുലര്‍ച്ചെ മുതല്‍ ഓണാട്ടുകരയിലെ വീഥികളില്‍ ഒഴുകിയത് കുത്തിയോട്ടത്തിന്റെ വായ്‌ത്താരികള്‍. ഇത് ഏറ്റുപാടി ഭക്തസഹസ്രങ്ങളാണ് ഇന്നലെ ചെട്ടികുളങ്ങര ദേവിക്കു മുന്‍പില്‍ തൊഴുത് മടങ്ങിയത്.
എട്ട് ദിവസങ്ങളായി കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ അനുഷ്ഠാനപൂര്‍വ്വം നടത്തിവന്ന കുത്തിയോട്ടങ്ങള്‍ ദേവിയുടെ തിരുമുന്‍പില്‍ സമര്‍പ്പിച്ചു. ഇക്കുറി 15 കുത്തിയോട്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. കെട്ടുകാഴ്ചകളുടെ മുന്നിലെത്തി കുട്ടികളുടെ ഇടുപ്പില്‍ ചൂരല്‍ കുത്തി ചുവടുവയ്‌പ്പിച്ച് നടപന്തലില്‍ എത്തി ചൂരല്‍ മുറിയല്‍ ചടങ്ങ് നടത്തി.
തുടര്‍ന്ന് നെട്ടൂര്‍പെട്ടി തുറന്ന് അതിനുള്ളില്‍ നിന്ന് വെറ്റിലയും കച്ചയുമെടുത്ത് കുട്ടികളുടെ ഇടുപ്പില്‍ കെട്ടി ക്ഷേത്രകുളത്തില്‍ എത്തിച്ച് സ്‌നാനം ചെയ്യിച്ച് കുട്ടികളെ രക്ഷിതാക്കള്‍ക്ക് കൈമാറിയതോടെ എട്ട് ദിവസമായി അനുഷ്ഠിച്ച കുത്തിയോട്ട വഴുപാടുകളുടെ സമര്‍പ്പണം പൂര്‍ത്തിയായി.
ഉത്സവം അലങ്കോലപ്പെടുത്താന്‍ പോലീസ് ശ്രമം
മാവേലിക്കര: ചെട്ടികുളങ്ങര കുംഭഭരണി ഉത്സവം അലങ്കോലപ്പെടുത്താന്‍ പോലീസിന്റെ ശ്രമം. ഇതിനെ തുടര്‍ന്ന് കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ ഇറങ്ങാന്‍ മണിക്കൂറുകള്‍ വൈകി. വൈകിട്ട് അഞ്ചുമണിയോടെ ആദ്യകരയായ ഈരേഴ തെക്ക് കരക്കാര്‍ കാഴ്ചക്കണ്ടത്തിലേക്ക് പ്രവേശിക്കവെ കരക്കാരും പോലീസുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തി വീശി. ഉത്സവം കാണാന്‍ എത്തിയവര്‍ക്കുള്‍പ്പെടെ പരിക്കേറ്റു. പോലീസിന്റെ നിലപാടിനെതിരെ ക്ഷേത്രാവകാശികളായ 13 കരക്കാര്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തിലേക്ക് ഇറക്കുന്നതും നിര്‍ത്തി. തുടര്‍ന്ന് കരക്കാരുടെ ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് എട്ടുമണിയോടെയാണ് കെട്ടുകാഴ്ചകളെ കാഴ്ചക്കണ്ടത്തിലേക്ക് കരക്കാര്‍ ഇറക്കുന്നത് തുടര്‍ന്നത്.
















