കണ്ണൂര്‍: കേരളത്തില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്കും പിഞ്ചുകുട്ടികള്‍ക്കും അമ്മൂമ്മമാര്‍ക്കും പോലും സ്വതന്ത്രമായി പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ കേരളത്തില്‍ നിലവിലുള്ളത്. നടിയെ അക്രിച്ച കേസില്‍ അന്വേഷണം നടക്കുന്നത് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരമാണ്. കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ പോലീസ് മുറയില്‍ ചോദ്യം ചെയ്യേണ്ടെന്നാണ് ഡിജിപി ലോക്നാഥ് ബഹ്റ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ സുനി പോലീസിനെ ചോദ്യം ചെയ്യുന്ന സാഹചര്യമാണുള്ളത്. സുനിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസ് തൊണ്ടിമുതലായ മൊബൈല്‍ ഫോണിന് വേണ്ടി അന്വേഷണം നടത്തുന്നത്. താന്‍ കൃത്യമായ സ്ഥലം നിര്‍ദ്ദേശിച്ചിട്ടും എന്തുകൊണ്ട് ഫോണ്‍ കണ്ടെടുക്കുന്നില്ലെന്ന് സുനി പോലീസിനോട് ചോദിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. കേസിന്റെ ഗൂഢാലോചനയുള്പ്പടെ യഥാര്‍ത്ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം തന്നെ വേണം.
ഇന്ത്യയില്‍ നാല് ശതമാനം പേര് മാത്രം വോട്ട് ലഭിക്കുന്ന ചെറിയ പാര്‍ട്ടിയാണ് സിപിഎം. കേരളത്തില്‍ സിപിഎം മറ്റ് രാഷ്ട്രിയപ്പാര്ട്ടികളോട് കാണിക്കുന്നത് കടുത്ത അസഹിഷ്ണുതയാണ്. എന്നാല്‍ ഭാരതത്തില്‍ ബിജെപിയുടെ സ്വാധീനമേഖലകളില്‍ അസഹിഷ്ണുതകാണിച്ചാല് സിപിഎമ്മിന്~ഒരു കൊടിപോലും ഉയര്‍ത്താന്‍ സാധിക്കില്ല. ആയുധം താഴെവെച്ച് സഹിഷ്ണുതയോടെ പെരുമാറാന്‍ സിപിഎം പഠിക്കണം. ഭീഷണിപ്പെടുത്തി ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള സിപിഎം നീക്കത്തിന് വിലകല്‍പ്പിക്കാന്‍ സാധിക്കില്ല. കേരളത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനം. അധികാരത്തിന്റെ തണലിലല്ല ബിജെപി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഏകപക്ഷീയമായി ബിജെപി പ്രവര്‍ത്തകരെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തുകയാണ്. വിധവകളെ സൃഷ്ടിക്കാനാണോ ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി വ്യക്തമാക്കണം. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ നിന്ന് കേവലം സിപിഎം നേതാവായി മാറുകയാണ് പിണറായി. ഭരണത്തിന്റെ തണലില്‍ കേരളത്തില്‍ സിപിഎം നടപ്പിലാക്കുന്ന ഗുണ്ടാരാജ് അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ കേരളത്തില്‍ ശാശ്വത സമാധാനമുണ്ടാകുമെന്നും ശോഭസുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ.രഞ്ജിത്ത്, മഹിളാ മോര്‍ച്ച ജില്ലാ അധ്യക്ഷ എന്‍.രതി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാസദാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: