കണ്ണൂര്‍: കാട്ടാനകള്‍ ദാഹജലം തേടി നാട്ടിലിറങ്ങുന്നത് തടയാന്‍ വനപ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍. വനംവകുപ്പിന്റെയും വനമേഖലകളിലെ ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. ജില്ലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. വനത്തിനുള്ളിലെ ജലസ്രോതസ്സുകള്‍ പരമാവധി സംരക്ഷിക്കാനുള്ള അടിയന്തര നടപടികള്‍ വനംവകുപ്പുമായി ചേര്‍ന്ന് സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. വിശദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് 13ന് പകല്‍ മൂന്ന് മണിക്ക് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഈ മേഖലയിലെ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
വന്യമൃഗങ്ങളുടെ സഞ്ചാരവീഥികളില്‍ പുതുതായി താല്‍ക്കാലിക കുളങ്ങളും കുഴികളും ഉണ്ടാക്കി വെള്ളം നിറച്ച് കൃത്രിമ ജലാശയങ്ങളും സൃഷ്ടിക്കും. വന്യമൃഗങ്ങള്‍ ദാഹജലം തേടി കാടിന് പുറത്തേക്ക് വരുന്നത് ഇതുവഴി ഒരു പരിധി വരെ തടയാനാകുമെന്നാണ് വിലയിരുത്തല്‍. കാട്ടാന ഇറങ്ങിയാല്‍ ജനങ്ങളെ ഫോണ്‍ വഴി വിവരം അറിയിക്കാനുള്ള മുന്നറിയിപ്പ് സംവിധാനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. നിലവില്‍ ആറളത്ത് ഈ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
വന്യമൃഗശല്യം ഇല്ലാതാക്കാന്‍ ദീര്‍ഘകാല നടപടികളും ആലോചിക്കും. കാട്ടിനുള്ളില്‍ ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, കൂടുതല്‍ ജലസ്രോതസ്സുകള്‍ സജ്ജമാക്കുക, പുഴയോരങ്ങളിലും മറ്റും മുളവേലി വളര്‍ത്തിയെടുക്കുക തുടങ്ങിയ പദ്ധതികളാണ് ഇതിനായി പരിഗണിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍, വി.കെ.സുരേഷ്ബാബു, എഡിഎം മുഹമ്മദ് യൂസഫ്, ഡിഎഫ്ഒ സുനില്‍ പാമിഡി, ഫോറസ്റ്റ് അസി. കണ്‍സര്‍വേറ്റര്‍ എ.പി.ഇംതിയാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: