കൊല്ലം: കുണ്ടറ നിയോജകമണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് മന്ത്രി ജെ.മഴ്സിക്കുട്ടിയമ്മ വിഭാവനം ചെയ്ത ഇടം പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി കൂട്ടായ്മയായ യുഎന്‍എഐ ആസ്പെയറും രംഗത്ത്. കരിക്കോട് ടികെഎം കോളേജ് ഓഫ് എന്‍ജിനീയറിംഗിലെ ആസ്പയര് ചാപ്റ്റര്‍ അംഗങ്ങളാണ് പദ്ധതിയുടെ രൂപകല്‍പ്പന മുതല്‍ പ്രയോഗതലം വരെ പങ്കാളികളാകുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള വൈജ്ഞാനിക സമൂഹത്തെ രൂപീകരിക്കുന്നതിന് ലക്ഷ്യമിട്ട് ലോകമെമ്പാടുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഐക്യരാഷ്ട്രസഭ രൂപം നല്കിയ യുഎന്‍ അക്കാദമിക് ഇംപാക്ടിന്റെ വിദ്യാര്‍ഥി വിഭാഗമാണ് യുഎന്‍എഐ ആസ്പയര്.
പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി മേഴ്സിക്കുട്ടിയമ്മ ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വിദ്യാര്‍ഥികളുമായി മുഖാമുഖം നടത്തി.
പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് കൈത്താങ്ങേകുകയാണ് ഇടം പദ്ധതിയുടെ പ്രധാന ലക്ഷ്യം. ചെറുകിട സംരംഭങ്ങള്‍, തൊഴിലവസരങ്ങള്‍, ചെലവു കുറഞ്ഞ ഭവനനിര്‍മാണം, നൂതന കാര്‍ഷികസാങ്കേതികവിദ്യകള്‍, ചെലവു കുറഞ്ഞ കൃഷി രീതികള്‍, പട്ടികജാതിപട്ടികവര്‍ഗ കോളനി വികസനം, മേഖലയിലെ വിദ്യാര്‍ത്ഥികളുടെ പഠനം, തൊഴില്‍ നൈപുണ്യ വികസനം, മാലിന്യ നിര്‍മാര്‍ജനം, പ്രകൃതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ പങ്കുവച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എസ്.അയൂബ് അധ്യക്ഷത വഹിച്ചു. എ ഡി സി ജനറല്‍ വി.സുദേശന്‍ പദ്ധതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: