കണ്ണൂര്‍: പാരിസ്ഥിതിക പ്രശ്‌നം കാരണം നാട്ടുകാരുടെ സമരത്തിനൊടുവില്‍ കപ്പല്‍പ്പൊളി നിര്‍ത്തിവെച്ച അഴീക്കല്‍ സില്‍ക്കില്‍ കപ്പല്‍പ്പൊളി വീണ്ടും ആരംഭിക്കാന്‍ നീക്കം. കഴിഞ്ഞ ദിവസം ഗെയ്റ്റ്‌വേ പ്രസ്റ്റീജ് എന്ന പേരുളള പഴയ കപ്പല്‍ കടല്‍മാര്‍ഗ്ഗം അഴീക്കല്‍ തീരത്തെത്തിച്ചു. നിരോധനം നില്‍ക്കെ പൊളിച്ചു നീക്കാനായി വീണ്ടും കപ്പലെത്തിച്ച അധികൃതരുടെ നടപടിയില്‍ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. കസ്റ്റംസ് ക്ലിയറന്‍സ് ഉള്‍പ്പെടെ ലഭിച്ചാല്‍ മാത്രമേ കപ്പല്‍ കടല്‍മാര്‍ഗ്ഗം അഴീക്കലില്‍ എത്തിക്കാനാവൂയെന്നിരിക്കെ അനുമതികളൊന്നുമില്ലാതെയാണ് പൊളിക്കാനായി കപ്പലെത്തിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കപ്പല്‍പൊളിശാല പ്രവര്‍ത്തിക്കുന്നത് കാരണം പ്രദേശത്തെ വെളളവും മണ്ണൂം മലിനമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മിനിസ്ട്രി ഓഫ് എന്‍വയണ്‍മെന്റ് കപ്പല്‍പൊളി നിര്‍ത്തിവെയ്‌ക്കാന്‍ മാസങ്ങള്‍ക്ക് മുമ്പെ ഉത്തരവിട്ടിരുന്നു. കൂടാതെ ജില്ലാ ഭരണകൂടവും കപ്പല്‍പൊളി നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിട്ടിരുന്നു. നിരോധനം നിലനില്‍ക്കെ സില്‍ക്കില്‍ വീണ്ടും പഴകിയ കപ്പലുകള്‍ പൊളിക്കാനുളള നീക്കത്തിനെതിരെ ശക്തമായ സമരം ആരംഭിക്കാന്‍ ഇന്നലെ അഴീക്കലില്‍ ചേര്‍ന്ന കപ്പല്‍പ്പൊളി വിരുദ്ധ സമിതി യോഗം തീരുമാനിച്ചു. എം.കെ.മനോഹരന്‍ അധ്യക്ഷത വഹിച്ചു. എം.സാജിദ്, മൂസ കല്ലിക്കല്‍, ജയദേവന്‍, അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
















