ശ്രീകാര്യം: ചെക്കാലമുക്കിന് സമീപം വികാസ് നഗറില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന നാനൂറോളം ഇറച്ചിക്കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചു കൊന്നു. വികാസ് നഗര്‍ വിഎന്‍ആര്‍എ 76 അക്കരയില്‍ വീട്ടില്‍ ഇജാസ് അഹമ്മദ് വളര്‍ത്തിയ കോഴികളെയാണ് നായ്ക്കള്‍ കൊന്നൊടുക്കിയത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞാകാം സംഭവമെന്നാണ് വീട്ടുകാര്‍ പറയുന്നത്. പുലര്‍ച്ചെ രണ്ടു മണിയോടെ ഇജാസ് കോഴികള്‍ക്ക് തീറ്റ നല്‍കിയിരുന്നു. അപ്പോള്‍ സമീപത്ത് രണ്ടു നായ്ക്കളെ കണ്ടിരുന്ന ഇജാസ് ഇവയെ ഓടിച്ചശേഷമാണ് ഉറങ്ങാന്‍ കിടന്നത്. ഇതിനു ശേഷമാകാം സംഭവമെന്നാണ് കരുതുന്നത്. കൂടിന്റെ മുന്‍വശത്ത് കെട്ടിയിരുന്ന കട്ടിയുള്ള വല കടിച്ച് മുറിച്ച് അകത്തു കടന്ന നായ്ക്കള്‍ മുഴുവന്‍ കോഴികളെയും കടിച്ചു കൊല്ലുകയായിരുന്നു. ഉദ്ദേശം എണ്‍പതിനായിരം രൂപയുടെ നഷ്ടമുള്ളതായി ഇജാസ് പറഞ്ഞു.
വികാസ് നഗറിലും പരിസരത്തുമായി തെരുവുനായ്ക്കളുടെ ശല്യം ഏറുകയാണ്. ഇടറോഡുകളിലും സമീപത്തെ തുറന്ന പ്രദേശങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നത് നിത്യസംഭവമാണ്. ഇതിനാലാണ് തെരുവുനായ്ക്കള്‍ കൂടുന്നതെന്നാണ് നാട്ടുകാരുടെ പരാതി. മൂന്നുമാസം മുമ്പ് വികാസ് നഗറിനു സമീപത്തായി രണ്ടുവയസ്സുള്ള കുഞ്ഞിനെയും കുഞ്ഞിനെ രക്ഷിക്കാനെത്തിയ മാതാപിതാക്കളെയും തെരുവുനായ്ക്കള്‍ വീട്ടിനുള്ളില്‍ കയറി കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: