വടക്കാഞ്ചേരി: ഉത്രാളിക്കാവില്‍ ഇന്ന് സാമ്പിള്‍ വെടിക്കെട്ടിന്റെ ആകാശവിസ്മയം. ഉത്രാളിക്കാവ് പൂരവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ മാറിയതോടെ തട്ടകദേശങ്ങള്‍ ആവേശത്തിമിര്‍പ്പിലായി.
ഞായറാഴ്ച ഉത്രാളിക്കാവില്‍ സാമ്പിള്‍ വെടിക്കെട്ടിനുള്ള എല്ലാ ഒരുക്കങ്ങളും മൂന്നുദേശങ്ങളും പൂര്‍ത്തിയാക്കി. ഉത്രാളി പാടശേഖരത്ത് ഞായറാഴ്ച വൈകീട്ട് 7.15ന് ആദ്യം എങ്കക്കാട് ദേശം കരിമരുന്നിന് തിരികൊളുത്തും. പിന്നീട് കുമരനെല്ലൂര്‍, വടക്കാഞ്ചേരി ദേശങ്ങളും ക്രമപ്രകാരം വെടിക്കെട്ട് നടത്തും. എങ്കക്കാട് ദേശത്തിനുവേണ്ടി കുണ്ടന്നൂര്‍ ശാസ്ത ഫയര്‍വര്‍ക്സ് ഉടമ സുന്ദരാക്ഷനും കുമരനെല്ലൂര്‍ ദേശത്തിനുവേണ്ടി ദേശമംഗലം സുരേന്ദ്രന്, ഒ.സി.കൃഷ്ണന് എന്നിവരും വടക്കാഞ്ചേരി ദേശത്തിനുവേണ്ടി കുണ്ടന്നൂര്‍ ശ്രീകൃഷ്ണ ഫയര്‍വര്‍ക്സ് ഉടമകളായ സജി, സുരേഷ് എന്നിവരും വെടിക്കെട്ട് നടത്തും.
വൈകീട്ട് 5ന് മൂന്ന് ദേശങ്ങളും സംയുക്തമായി ഉത്രാളിക്കാവില്‍ ആല്‍ത്തറ മേളം സംഘടിപ്പിക്കും. കിഴക്കൂട്ട് അനിയന് മാരാരുടെ നേതൃത്വത്തില്‍ നൂറില്‍പ്പരം വാദ്യകലാകാരന്മാര് പാണ്ടിമേളം തീര്‍ക്കും. തുടര്‍ന്നാണ് സാമ്പിള്‍ വെടിക്കെട്ട് തുടങ്ങുക. പൂരത്തോടനുബന്ധിച്ച് ദേശങ്ങള്‍ സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക പരിപാടികളും സജീവമായി.
കുമരനെല്ലൂര്‍ ദേശത്തിന്റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സന്ധ്യക്ക് നടന്ന പൂരനിലാവ് ഏറെ ആകര്‍ഷകമായി. വടക്കാഞ്ചേരി ദേശം ശിവക്ഷേത്ര നൃത്തമണ്ഡപത്തിലാണ് കലാപരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: