തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് കെ.കൃഷ്ണന്‍കുട്ടി എംഎല്‍എ. എന്നാല്‍ സിപിഐയെ പോലെ അഭിപ്രായഭിന്നതകള്‍ പരസ്യമായി പറയുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ പ്രതീക്ഷയോടെയാണ് ജനം എല്‍ഡിഎഫിനെ അധികാരത്തിലേറ്റിയത്. പ്രതീക്ഷിച്ചതുപോലെയുള്ള പ്രവര്‍ത്തനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ ഭരണചക്രത്തിന്റെ സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുന്നത് പ്രകടനപത്രികയിലെ പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് തടസം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സ്ഥിതി മാറ്റാന്‍ പൊളിച്ചെഴുത്ത് ആവശ്യമാണ്. ഭരണം മെച്ചപ്പെടുത്തണം. ജനതാദളിന്റെ കൈവശമുള്ള ജലവിഭവ വകുപ്പിന്റെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കണം. ഘടകകക്ഷികള്‍ അഭിപ്രായം പറയേണ്ടത് മുന്നണിയോഗത്തിലാണ്. പരസ്യമായി പറയുന്നത് സര്‍ക്കാരിന് ഗുണം ചെയ്യില്ല. സ്വാശ്രയമേഖലയിലെ ദുഷിച്ച പ്രവണതകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നതിന് നടപടി സ്വീകരിക്കണം. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് നടപടി വേണം. ക്രമസമാധാനനിലയെ കുറിച്ച് ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ജനതാദളിന് അനുവദിച്ച ബോര്‍ഡ്, കോര്പ്പറേഷന് സ്ഥാനങ്ങളിലേക്കുള്ള നിയമനം ഉടന്‍ നടത്തുമെന്നും കൃഷ്ണന്‍കുട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: