തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ സമാധാന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം നീക്കം ജനങ്ങള്‍ തിരിച്ചറിയണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന സര്‍വ്വകക്ഷി സമാധാനയോഗത്തിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്തോളം ഏകപക്ഷീയമായ അക്രമങ്ങളാണ് സിപിഎം നടത്തിയത്. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനാണിത്. കണ്ണൂരിലെ സമാധാനാന്തരീക്ഷത്തിന് താല്‍പ്പര്യമില്ലാത്ത ഒരുപറ്റം സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നത്. ഒരുവശത്ത് സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വാതോരാതെ പ്രസംഗിക്കുകയും മറുവശത്ത് ആയുധങ്ങളേന്തി താണ്ഡവമാടുകയുമാണ് സിപിഎം ചെയ്യുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ നടത്തുന്ന അണികളെ സഹായിക്കുന്ന നടപടിയാണ് സിപിഎം നേതൃത്വം സ്വീകരിച്ചുവരുന്നത്. തലശ്ശേരി കല്ലില്താഴെയില് മദ്യപിച്ച് ലക്കുകെട്ട് കല്യാണവീട്ടില്‍ ഒരുസംഘം ഏകപക്ഷീയമായി നടത്തിയ അക്രമം മദ്യപാനികളുടെ അക്രമമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുകയാണ്. കഴിഞ്ഞ കാലങ്ങളിലെപ്പോലെ സിപിഎം അക്രമങ്ങളെ ന്യായീകരിക്കുകയും കള്ളപ്രചാരണം നടത്തി അക്രമകാരികളെ സഹായിക്കുന്ന നടപടിയുമാണ് സ്വീകരിക്കുന്നത്. ഇതിലൂടെ കണ്ണൂരില്‍ സമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നത് സിപിഎം തന്നെയാണെന്ന് വ്യക്തമാവുകയാണ്. കല്യാണ വീട്ടില്‍ കയറി വധുവിന്റെ പിതാവിനെയും മുത്തശ്ശിയെയും പോലും അക്രമിച്ച പൈശാചികമായ സംഭവത്തെ ജനാധിപത്യ വിശ്വാസികള്‍ എതിര്‍ത്തു തോല്‍പ്പിക്കണം. ഇത്തരം അക്രമങ്ങള്‍ക്ക് പ്രേരണ നല്കുന്ന നേതാക്കളെ ജനം തിരിച്ചറിയണമെന്നും ഹരിദാസന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: