കണ്ണൂര്‍: വേനല്‍ കടുത്തതോടെ ജില്ലയിലെ പല ഭാഗങ്ങളിലും തീപ്പിടിത്തങ്ങള്‍ തുടര്‍ക്കഥയാകുന്നു. അതോടൊപ്പം രൂക്ഷമായ ജലക്ഷാമവും ഉണ്ടായതോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട അഗ്നിശമന സേനയുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു. കത്തുന്ന ചൂടില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ഇരുപതോളം തീപ്പിടിത്തങ്ങളാണ് ഉണ്ടായത്. ചെറുതും വലുതുമായ തീപ്പിടിത്തങ്ങള്‍ മണിക്കൂറുകളുടെ കഠിനാദ്ധ്വാനത്തിലൂടെയാണ് അഗ്നിശമന സേനാ വിഭാഗം അണച്ചത്. എന്നാല്‍ തീകെടുത്താനാവശ്യമായ വെള്ളത്തിന് കടുത്ത ക്ഷാമം നേരിട്ടതോടെ അഘ്‌നിശമന സേനാവിഭാഗം നട്ടംതിരിയുകയാണ്. ഓരു അപകടം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും ടാങ്കില്‍ വെള്ളം നിറക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
ജില്ലയിലെ പല അഗ്നിശമന സേനാ ഓഫിസുകളിലും ഇപ്പോള്‍ വെള്ളം ലഭിക്കാനുള്ള സംവിധാനങ്ങളില്ല. തൊട്ടടുത്തുള്ള കിണര്‍, പുഴ എന്നിവിടങ്ങളില്‍നിന്നാണ് വെള്ളം ശേഖരിക്കുന്നത്. കത്തുന്ന വെയിലില്‍ ജലാശയങ്ങള്‍ വറ്റിവരണ്ടതോടെ കടുത്ത ജലക്ഷാമമാണ് ജില്ലയില്‍ നേരിടുന്നത്. കഴിഞ്ഞ ദിവസം പാറക്കണ്ടി ചെട്ടിയാര്‍കുളം, താഴെചൊവ്വ, മട്ടന്നൂര്‍മേഖലയില്‍ ആറ് സ്ഥലങ്ങള്‍, ആലക്കോട് മേഖല തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍തീപ്പിടിത്തമാണ് ഉണ്ടായത്. താഴെച്ചൊവ്വയില്‍ ആക്രിക്കടക്ക് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
ഈ സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തും. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്. റെയില്‍പാളത്തിന് തൊട്ടടുത്തായിരുന്നു സംഭവം. തീപടരുന്നതിന് സെക്കന്റുകള്‍ക്ക് മുമ്പാണ് ഇതുവഴി ട്രെയിനുകള്‍ കടന്നുപോയത്. റെയില്‍വേ ഗേറ്റ് കീപ്പറുടെ സന്ദര്‍ഭോജിതമായ് ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.
















